യുകെയിലെ വിമാനയാത്ര ദുരിതത്തിലാക്കി വീണ്ടും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം പണിമുടക്കി. ബുധനാഴ്ച 20 മിനിറ്റോളം എടിസി സിസ്റ്റം സ്തംഭിച്ചതോടെയാണ് നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര പുറപ്പെടാന്‍ കഴിയാതെ നിലത്തിറങ്ങിയത്. അതേസമയം സാങ്കേതിക പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും, ഇത് പരിഹരിച്ചതായും സിസ്റ്റം നടത്തിപ്പിന്റെ ചുമതയലുള്ള കമ്പനി നാറ്റ്‌സ് പ്രതികരിച്ചു.
എന്നാല്‍ ഏതാനും മിനിറ്റ് മാത്രം മുടങ്ങിയ പ്രവര്‍ത്തനം ബ്രിട്ടീഷ് വ്യോമയാന മേഖലയെ അപ്പാടെ സ്തംഭിപ്പിക്കുകയാണ് ചെയ്തത്. 2023 ആഗസ്റ്റില്‍ വിമാനത്താവളങ്ങളെ നിശ്ചലമാക്കിയ അവസ്ഥയുടെ ആവര്‍ത്തനമാണ് ഈ പ്രശ്‌നമെന്നാണ ആശങ്ക. അന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയാതെ വന്നതോടെ ദുരിതത്തിലായത്.
സാങ്കേതിക പ്രശ്‌നം നേരിട്ട ഘട്ടത്തില്‍ ഹീത്രൂവിലേക്കുള്ള വിമാനങ്ങള്‍ കുറയ്‌ക്കേണ്ടി വന്നതായി ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി. അതേസമയം രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും വിമാനയാത്ര തടസ്സപ്പെട്ട ഘട്ടത്തില്‍ യുകെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കമ്പനി മേധാവി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
സംഭവത്തിന് ഹാക്കിംഗുമായി ബന്ധമില്ലെന്നാണ് യുകെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മനസ്സിലാക്കുന്നത്. അതേസമയം നാറ്റ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫ് രാജിവെയ്ക്കുകയോ, പുറത്താക്കുകയോ വേണമെന്ന് റയാനെയര്‍ ആവശ്യപ്പെട്ടു. സാങ്കേതികപ്രശ്‌നം പരിഹരിച്ചതായി നാറ്റ്‌സ് വ്യക്തമാക്കി. എന്നിരുന്നാലും വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ദുരിതം തീരാന്‍ സമയമെടുക്കുമെന്നാണ് കരുതുന്നത്.