എന്‍എച്ച്എസ് നഴ്‌സുമാരെ ചെറിയ ശമ്പളവര്‍ദ്ധന നല്‍കി തൃപ്തിപ്പെടുത്താമെന്ന ഗവണ്‍മെന്റ് വ്യാമോഹം മുളയിലേ നുള്ളി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍. പത്തില്‍ ഒന്‍പത് നഴ്‌സുമാരും ഈ വര്‍ഷത്തേക്ക് അനുവദിച്ച 3.6% ശമ്പളവര്‍ദ്ധന തള്ളുന്നതായി രേഖപ്പെടുത്തിയതോടെയാണ് തിരിച്ചടി. ശമ്പളം മെച്ചപ്പെടുത്താന്‍ തയ്യാറാകാത്ത പക്ഷം ഈ വര്‍ഷം തന്നെ സമരത്തിന് ഇറങ്ങുമെന്നും നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കി.
ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സൂചനാ വോട്ടിംഗില്‍ 91 ശതമാനം പേരും 3.6 ശതമാനം വര്‍ദ്ധന പോരെന്ന് വ്യക്തമാക്കി. അതേസമയം മറ്റൊരു ബാലറ്റിംഗ് കൂടി നടത്തിയ ശേഷം മാത്രമാണ് നഴ്‌സുമാര്‍ സമരമുഖത്തേക്ക് ഇറങ്ങുക. ഇതിന് മുന്‍പ് ഗവണ്‍മെന്റിന് ഓഫര്‍ മെച്ചപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള അവസരമുണ്ട്.
സമ്മര്‍ ഉപയോഗിച്ച് നഴ്‌സിംഗ് ജോലിക്കാരില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുകയോ, അല്ലെങ്കില്‍ തുടര്‍ന്നുള്ള സമരങ്ങള്‍ നേരിടുകയോ ചെയ്യാനാണ് മന്ത്രിമാരോട് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടന്‍, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ മന്ത്രിമാര്‍ക്ക് നഴ്‌സുമാര്‍ ഓഫര്‍ തള്ളിയത് തിരിച്ചടിയാണ്.
29% വര്‍ദ്ധന ചോദിച്ച റസിഡന്റ് ഡോക്ടര്‍മാരുടെ സമരം പരിഹരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നതിനിടെയാണ് നഴ്‌സുമാരും അരയും, തലയും മുറുക്കി രംഗത്തിറങ്ങുന്നത്. മറ്റ് എന്‍എച്ച്എസ് ജീവനക്കാരുടെ യൂണിയനുകളും ശമ്പളവര്‍ദ്ധനവില്‍ നിരാശരാണ്.
'വന്‍തോതില്‍ വേക്കന്‍സികള്‍ ബാക്കി കിടക്കുകയും, വര്‍ഷങ്ങളോളം ശമ്പളം നഷ്ടം വരികയും, കരിയര്‍ പുരോഗതി ഇല്ലാതാകുകയും ചെയ്തി കിടക്കുന്ന പ്രൊഫഷണ്‍ മെച്ചപ്പെടുത്താന്‍ 3.6% വര്‍ദ്ധന മതിയാകില്ലെന്നാണ് ആര്‍സിഎന്‍ നടത്തിയ ഏറ്റവും വലിയ കണ്‍സള്‍ട്ടേഷനില്‍ 91% നഴ്‌സുമാര്‍ അറിയിച്ചിരിക്കുന്നത്', ആര്‍സിഎന്‍ വ്യക്തമാക്കി.