ബ്രിട്ടനില്‍ അഭയാര്‍ത്ഥി വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. വിവിധ ഹോട്ടലുകളില്‍ കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്നതിന് എതിരെയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ കുടിയേറ്റ വിരുദ്ധത ആളിക്കത്തിക്കുകയാണ് ഒരു വിഭാഗം. ഇംഗ്ലണ്ടിലും, അയര്‍ലണ്ടിലും നിയമപരമായി എത്തിയ കുടിയേറ്റക്കാര്‍ക്ക് നേരെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങളില്‍ ഇതിന്റെ സൂചനയാണ്.
അതുകൊണ്ട് തന്നെ വീക്കെന്‍ഡില്‍ കൂടുതല്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ കുടിയേറ്റക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലണ്ടന്‍, എസെക്‌സ്, ആള്‍ട്രിന്‍ഷാം, ബോണ്‍മൗത്ത്, ചിചെസ്റ്റര്‍ എന്നിവിടങ്ങളില്‍ സുപ്രധാന പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഈ മേഖലകളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പാലിക്കേണ്ടത് അനിവാര്യമാണ്.
സമ്മറിലെ പ്രതിഷേധ പരിപാടികള്‍ ഇക്കുറിയും കലാപങ്ങള്‍ക്ക് വഴിമാറുമെന്ന ആശങ്ക ശക്തമാണ്. വെള്ളിയാഴ്ച തന്നെ അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയവര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ മാസം എസെക്‌സിലെ എപ്പിംഗിലുള്ള ബെല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന എത്യോപ്യന്‍ അഭയാര്‍ത്ഥി അപേക്ഷകന്‍ 14-കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്ത വന്നത് മുതലാണ് പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നത്.
വെള്ളിയാഴ്ച എപ്പിംഗില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തി. ഡസന്‍ കണക്കിന് സ്ത്രീകള്‍ റോഡ് തടസ്സപ്പെടുത്തി. ഈസ്റ്റ് ലണ്ടനില്‍ കാനറി വാര്‍ഫ് ബ്രിട്ടാനിയ ഇന്റര്‍നാഷണല്‍ ഹോട്ടലിന് പുറത്ത് പ്രതിഷേധക്കാര്‍ പോലീസുമായി ഉന്തുംതള്ളും നടത്തി. ഇവിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
അനധികൃത കുടിയേറ്റം ഭയാനകമായ തോതില്‍ എത്തിയെന്നും, ഇതിനെതിരെയാണ് പ്രതിഷേധമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കുടുംബങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ദ്ധിച്ചതാണ് മാതാപിതാക്കളെയും രംഗത്ത് ഇറക്കുന്നതെന്നാണ് വാദം.