വാക്ക് മാറ്റിയ ലേബര്‍ ഗവണ്‍മെന്റ് വീണ്ടും നികുതി കൂട്ടാന്‍ കളമൊരുക്കുന്നു. സെപ്റ്റംബര്‍ മുതല്‍ നികുതി പരിഷ്‌കാരങ്ങള്‍ക്ക് കോപ്പുകൂട്ടി ബജറ്റില്‍ ജനങ്ങള്‍ക്ക് ആഘാതം സമ്മാനിക്കാനാണ് നീക്കം. നവംബറില്‍ നടക്കുന്ന ബജറ്റിലേക്ക് രാജ്യത്തെ ഒരുക്കാന്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ ചാന്‍സലര്‍ നല്‍കിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഖജനാവിലേക്ക് 50 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് റേച്ചല്‍ റീവ്‌സ്. ഇതിനായി നികുതി വര്‍ദ്ധിപ്പിക്കുകയോ, ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയോ മാത്രമാണ് മാര്‍ഗ്ഗമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസേര്‍ച്ച് പറയുന്നു. ഇന്‍കംടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ കൂട്ടില്ലെന്ന വാഗ്ദാനം പാലിക്കുമെന്നാണ് നിലവില്‍ റീവ്‌സിന്റെ നിലപാട്.
പൊതുമേഖലയ്ക്കായി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന കടമെടുപ്പ് വേണ്ടിവന്നതും, സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായതും ചേര്‍ന്നാണ് ചാന്‍സലര്‍ക്ക് മറ്റ് വഴികളില്ലാത്ത നിലയിലെത്തിച്ചത്. അതേസമയം പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ വേഗത ഇനി കുറയ്ക്കാന്‍ തുടങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യവിലക്കയറ്റവും, ലേബറിന്റെ നികുതി വര്‍ദ്ധനവുകള്‍ മൂലം പണപ്പെരുപ്പം ഈ വര്‍ഷം 4 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്ന ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് ഇത്.
ബജറ്റിന് ഒരുക്കങ്ങള്‍ നടത്താന്‍ റീവ്‌സ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ആരംഭിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാംബ്ലിംഗ് നികുതിക്ക് പുറമെ ഹൈസ്ട്രീറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന സബ്‌സിഡി, റിസര്‍വില്‍ ലെന്‍ഡര്‍മാര്‍ക്ക് നല്‍കുന്ന പലിശ എന്നിവയെല്ലാം റിവ്യൂ ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.