ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചകള്‍ തുടരുന്ന ചാന്‍സലര്‍ക്ക് വിനയായി ജനകീയ വികാരം. റേച്ചല്‍ റീവ്‌സിന്റെ ജോലി പോരെന്ന നിലപാടാണ് പകുതിയോളം വോട്ടര്‍മാര്‍ ഏറ്റവും പുതിയ സര്‍വ്വെയില്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ റീവ്‌സിനെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുറത്താക്കണമെന്നും സര്‍വ്വെയില്‍ വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
ട്രഷറിയില്‍ നിന്നും റീവ്‌സിനെ നീക്കം ചെയ്യണമെന്ന് 43 ശതമാനം വോട്ടര്‍മാരാണ് ആഗ്രഹിക്കുന്നത്. കേവലം 19 ശതമാനം പേര്‍ മാത്രമാണ് ഇവര്‍ അടുത്ത ഓട്ടം ബജറ്റ് വരെ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടത്. സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചാന്‍സലര്‍ വരുന്ന ബജറ്റിലും നികുതി ഉയര്‍ത്തുമെന്നാണ് സൂചന.
ലേബര്‍ വോട്ടര്‍മാരും ഇപ്പോള്‍ ചാന്‍സലര്‍ക്ക് എതിരെ തിരിയുന്നുവെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. അതേസമയം ജോലിക്കാര്‍ക്ക് പുതിയ നികുതി ചുമത്താന്‍ റേച്ചല്‍ റീവ്‌സ് ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. 50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയാണ് റീവ്‌സിന് വെല്ലുവിളി ഉയര്‍ത്തുന്നത്.
ജീവിതച്ചെലവും, പണപ്പെരുപ്പവും കണക്കാക്കി ഇന്‍കം ടാക്‌സ് പരിധി ഉയര്‍ത്തുന്നത് പകരം ആറ് വര്‍ഷത്തേക്ക് ഇത് മരവിപ്പിച്ച് നിര്‍ത്താനാണ് റീവ്‌സ് ഒരുക്കം നടത്തുന്നത്. ഇൗ പദ്ധതി നടപ്പായാല്‍ ജോലിക്കാരുടെ പോക്കറ്റില്‍ നിന്നും കൂടുതല്‍ പണം ഇറങ്ങിപ്പോകും. ഈ രീതി പ്രയോഗിച്ച് കൂടുതല്‍ ജോലിക്കാരെ ഉയര്‍ന്ന നികുതി ബ്രാക്കറ്റിലേക്ക് പിടിച്ചിട്ട് വരുമാനം കൊയ്യാനാണ് റീവ്‌സിന്റെ ശ്രമം.