ബ്രിട്ടനിലെ സ്‌കൂളുകളില്‍ വംശീയമായ പെരുമാറ്റങ്ങള്‍ നേരിടുന്നത് പുതിയ കാര്യമൊന്നുമല്ല. വംശീയമായ പെരുമാറ്റം പ്രശ്‌നമില്ലെന്ന തരത്തില്‍ ചിന്തിക്കുന്ന മാതാപിതാക്കളുമുണ്ട്. എന്നാല്‍ കുട്ടികളുടെ ഈ പെറുമാറ്റം സ്‌കൂളുകള്‍ക്ക് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല. ഇതിന്റെ പേരില്‍ വീട്ടിലേക്ക് മടക്കി അയയ്ക്കുന്ന കുട്ടികളുടെ പ്രായം നാല് വയസ്സ് വരെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍വെയ്ക്കും.
ഇത്രയും ചെറിയ കുട്ടികളെ പോലും വംശീയമായ പെരുമാറ്റത്തിന് വീട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം വംശവെറിക്ക് സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 15,000 കടന്ന് കുതിക്കുകയും ചെയ്തു.
കൊവിഡിന് ശേഷം വംശവെറിക്ക് സസ്‌പെന്‍ഷനിലാകുന്ന കുട്ടികളുടെ എണ്ണത്തില്‍ നാടകീയമായ വര്‍ദ്ധനവാണുള്ളത്. വിവേചനപരമായ ഭാഷയുടെ ഉപയോഗമാണ് പ്രധാനമെങ്കിലും, ഇതിന് പുറമെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, ഗ്രാഫിറ്റികള്‍, ശാരീരികമായ അതിക്രമങ്ങള്‍ എന്നിവയും ഇതില്‍ പെടും.
2021 സ്‌കൂള്‍ ഇയറില്‍ 7403 സസ്‌പെന്‍ഷന്‍ ഉണ്ടായ ഇടത്താണ് 2023/24 വര്‍ഷം 15,191-ലേക്ക് ഇത് കുതിച്ചത്. ചെറിയ കുട്ടികള്‍ക്ക് വംശീയമായ ഭാഷാപ്രയോഗങ്ങളുടെ ഉദ്ദേശം മനസ്സിലാകുന്നില്ലെങ്കിലും ഇവരുടെ വംശീയമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മുതിര്‍ന്നവരെ കുടുക്കുകയാണെന്ന് ക്യാംപെയിനര്‍മാര്‍ അവകാശപ്പെടുന്നു. ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകളിലെ സാമൂഹ്യവിരുദ്ധ പെരുമാറ്റത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് ന്യായമായി ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.