ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുറിവ് മനസ്സുകളില്‍ ഏല്‍പ്പിക്കുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ ഒരു ഉത്തരവാദിത്വമുണ്ട്. പൂര്‍ണ്ണമായി ഉണക്കാന്‍ കഴിയില്ലെങ്കില്‍ പരമാവധി വേഗത്തില്‍ നീതി ലഭ്യമാക്കുക. എന്നാല്‍ ബ്രിട്ടനില്‍ ബലാത്സംഗങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് ഈ നീതി അന്യമാകുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
കേസുകള്‍ കോടതിയില്‍ എത്താനുള്ള കാലതാമസവും, പിന്തുണ ലഭിക്കാതെയും വരുന്നതോടെ പ്രോസിക്യൂഷനില്‍ നിന്നും പിന്‍വാങ്ങുന്ന ഇരകളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് പരാജയപ്പെടുന്നുവെന്നാണ് ഇതോടെ ആരോപണം ഉയരുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രതീക്ഷ നശിച്ച് ഇരകള്‍ കേസ് ഉപേക്ഷിക്കുന്നതിന്റെ എണ്ണം ഇരട്ടിക്കുകയാണ് ചെയ്തത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 98 ബലാത്സംഗ പ്രോസിക്യൂഷനുകളാണ് ഉപേക്ഷിച്ചത്. ഇരകള്‍ക്ക് പ്രോസിക്യൂഷന്റെ പിന്തുണ ലഭിക്കാതെ വരുന്നതാണ് ഇതിന് കാരണം.
മുന്‍ പാദത്തെ അപേക്ഷിച്ച് 51 ശതമാനമാണ് ഈ അന്യായത്തിന്റെ വര്‍ദ്ധന. 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 47 കേസുകള്‍ ഉപേക്ഷിച്ചതില്‍ നിന്നും ഇരട്ടി കുതിപ്പാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബലാത്സംഗ കേസുകള്‍ ഉപേക്ഷിക്കുന്നതില്‍ നാലിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നാണ് ലീഗല്‍ അനാലിസിസ് തെളിയിക്കുന്നത്.
ഇതിനിടെ ബലാത്സംഗ കേസുകളില്‍ പ്രതികളെ വെറുതെവിടുന്ന തോതിലും വര്‍ദ്ധനവുണ്ട്. 24.5 ശതമാനം കേസുകളിലാണ് പ്രതികളെ മോചിപ്പിക്കുന്നത്. ഇരകളുടെ വാദത്തില്‍ കഴമ്പുണ്ടോയെന്ന് സംശയിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്ന് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ സംശയം ഉയര്‍ത്തുന്നു.