വയസ്സാം കാലത്ത് പേരക്കുട്ടികളെയും പരിപാലിച്ച്, സമാധാനത്തോടെ ഇരിക്കാമെന്ന മോഹം ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് കൈമോശം വരുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍. 65 വയസ്സും കഴിഞ്ഞ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുതിയ റെക്കോര്‍ഡ് കീഴടക്കിയതോടെയാണ് വാര്‍ദ്ധക്യത്തിലും ജോലി ചെയ്യേണ്ടി വരുമെന്ന ആശങ്ക വ്യാപകമാകുന്നത്.
65 വയസ്സ് കഴിഞ്ഞും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 7 ലക്ഷം കടന്നിരിക്കുന്നതായി ഒഎന്‍എസ് വെളിപ്പെടുത്തി. എന്നാല്‍ ഈ നാഴികക്കല്ല് താണ്ടിയത് പ്രായമായ സ്ത്രീകള്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ ഈ നിരക്കില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
പ്രായമായ ആളുകള്‍ ജോലി ചെയ്യുന്ന ട്രെന്‍ഡിന്റെ ഭാഗമായാണ് 60 വയസ്സും, 70 വയസ്സും കഴിഞ്ഞ് സ്ത്രീകള്‍ ജോലിക്കിറങ്ങുന്നത്. പേരക്കുട്ടികളെ പരിപാലിച്ച്, ഗാര്‍ഡനിംഗ് ചെയ്ത്, യാത്രകള്‍ക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ ജോലി ഭാരം. ഇതില്‍ ഒരു ഘടകം സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 65-ല്‍ നിന്നും 66-ലേക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ്.
ഈ പ്രായം വീണ്ടും ഉയര്‍ത്താനുള്ള ആലോചനകള്‍ തുടരുകയാണ്. അനാരോഗ്യത്തിലും ജീവിക്കാന്‍ മറ്റ് വഴികളില്ലാതെയാണ് ഇവരില്‍ ചിലര്‍ക്കെങ്കിലും ജോലി തുടരേണ്ടി വരുന്നതെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. സ്റ്റേറ്റ് പെന്‍ഷന്‍ കിട്ടുന്നത് വരെ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. അതേസമയം മറ്റൊരു വിഭാഗം ഈ പ്രായത്തിലും ആക്ടീവായി ഇരിക്കാന്‍ അവസരം ലഭിക്കുന്നതിനെ അനുകൂലിക്കുന്നു.