പോലീസ് സേനകള്‍ സജീവമായി ഇരിക്കുന്നിടത്താണ് കുറ്റകൃത്യങ്ങള്‍ കുറയുക. ബ്രിട്ടനില്‍ നേര്‍വിപരീതമാണ് സ്ഥിതി. പോലീസ് സേനകള്‍ പേരിനുണ്ടെന്നല്ലാതെ ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാനോ, കേസെടുക്കാനോ, പ്രതിയെ പിടിക്കാനോ പോലും ഓഫീസര്‍മാരെ കിട്ടാനില്ല. ഇതിന്റെ നേര്‍ചിത്രം വരച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഓരോ ദിവസവും 800-ഓളം ഷോപ്പ് മോഷണ കേസുകളാണ് തെളിവില്ലെന്ന പേരും പറഞ്ഞ് പോലീസ് ഉപേക്ഷിക്കുന്നതെന്നാണ് കണക്ക്. 2024-25 വര്‍ഷത്തില്‍ ഷോപ്പ് മോഷണങ്ങളില്‍ 289,464 കേസുകളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലും കാത്തുനില്‍ക്കാതെ പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.
ശരാശരി 793 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും തെളിയിക്കപ്പെടാതെ പോയത്. ബ്രിട്ടന്‍ റീട്ടെയില്‍ കുറ്റകൃത്യങ്ങളുടെ മഹാമാരി നേരിടുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ തെളിയിക്കുമ്പോഴാണ് ഈ അവസ്ഥ വെളിച്ചത്ത് വരുന്നത്. ചരിത്രത്തില്‍ ആദ്യമായി ഓരോ മിനിറ്റിലും ഒരു മോഷണം വീതം രേഖപ്പെടുത്തുന്നതാണ് സ്ഥിതി.
കൊവിഡ് മഹാമാരിക്ക് ശേഷം ഷോപ്പുകളിലെ മോഷണങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്തത്. ലേബര്‍ ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ ശേഷം ഈ കേസുകളില്‍ 20 ശതമാനം കുതിപ്പുണ്ടായെന്നതും അതിശയിപ്പിക്കുന്നു. മാര്‍ച്ച് വരെയുള്ള മാസത്തില്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യുന്ന ഷോപ്പുകളിലെ മോഷണങ്ങള്‍ 530,643 എന്ന റെക്കോര്‍ഡിലേക്ക് എത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കി.
എന്നാല്‍ കേസുകള്‍ കൂടുമ്പോഴും പ്രതിയെ തിരിച്ചറിയാന്‍ പോലും നില്‍ക്കാതെ കേസ് അവസാനിപ്പിക്കാനാണ് പോലീസിന് തിടുക്കമെന്ന് ഈ കണക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 2024-25 വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 55.5% ഷോപ്പ് മോഷണ അന്വേഷണങ്ങളും പ്രതികളെ തിരിച്ചറിയാന്‍ പരാജയപ്പെട്ടു.