ബ്രിട്ടനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നത് ഇന്ത്യന്‍ പൗരന്‍മാരെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. 2021 മുതല്‍ 2024 വരെയുള്ള നാല് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യക്കാരാണെന്ന് വ്യക്തമായത്.
ഈ കാലയളവില്‍ ബ്രിട്ടനില്‍ നടന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ശിക്ഷിക്കപ്പെടുന്നതില്‍ 257% വര്‍ദ്ധനവാണുള്ളത്. രണ്ടാം സ്ഥാനത്ത് നൈജീരിയന്‍ പൗരന്‍മാരാണ്, 166% വര്‍ദ്ധനവാണ് ഇവരുടെ ശിക്ഷകളിലുള്ളത്. 160 ശതമാനം വര്‍ദ്ധനവുമായി ഇറാഖികള്‍ മൂന്നാമതുണ്ട്. 2021-ല്‍ കേവലം 28 കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2024 എത്തുമ്പോള്‍ നൂറ് കടന്നു.
അതേസമയം ശിക്ഷിക്കപ്പെട്ടവരുടെ കണക്ക് മാത്രമാണ് ഇതെന്നും, വ്യക്തിഗത കുറ്റവാളികളുടെ കണക്കാണ് ഇതെന്നും ജസ്റ്റിസ് മന്ത്രാലയം വ്യക്തമാക്കി. പോലീസ് നാഷണല്‍ കമ്പ്യൂട്ടറില്‍ നിന്നും മൈഗ്രേഷന്‍ കണ്‍ട്രോള്‍ വിവരാവകാശ നിയമപ്രകാരം കരസ്ഥമാക്കിയ വിവരങ്ങളാണ് ഇന്ത്യന്‍ വംശജര്‍ക്ക് അപമാനമായി മാറുന്നത്.
2021 മുതല്‍ 2024 വരെ കാലയളവില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട മൂന്നാമത്തെ വലിയ വര്‍ദ്ധന ഇന്ത്യക്കാരിലാണ്, 115%. അള്‍ജീരിയക്കാരാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ നേടുന്നത് ഈജിപ്ഷ്യന്‍മാരാണ്. 2024-ല്‍ ഇന്ത്യക്കാര്‍ ശിക്ഷിക്കപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം 588 ആണ്. 2021-ല്‍ ഇത് 273 മാത്രമായിരുന്നു.
ഇതിനിടെ ചെറുബോട്ടുകളില്‍ യുകെയില്‍ അനധികൃതമായി പ്രവേശിച്ച ഇന്ത്യക്കാരുടെ എണ്ണം 2024-ല്‍ 293 ആയിരുന്നുവെന്ന് ഹോം ഓഫീസിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. അഫ്ഗാന്‍, ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ആളുകളും എത്തുന്നത്.