ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. വെള്ളഴിയാഴ്ച രാത്രി 9 മണിയോടെയാണ് ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ ഇന്ത്യന്‍ അരോമ റെസ്‌റ്റൊറന്റിലേക്ക് മുഖം മറച്ചെത്തിയ ഒരു സംഘം തീയിട്ടത്.
ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് തീയിട്ടത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു സ്ത്രീയും, പുരുഷനുമാണ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം തുടരുന്നത്. സംഭവസ്ഥലത്ത് വെച്ച് മറ്റ് അഞ്ച് പേര്‍ക്ക് ചികിത്സ നല്‍കിയതായി മെറ്റ് പോലീസ് പറഞ്ഞു.
ജീവന്‍ അപകടപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് തീയിട്ടതെന്ന് ആരോപിച്ചാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖം മറച്ച് ഒരു സംഘം റെസ്റ്റൊറന്റില്‍ പ്രവേശിക്കുന്നതും, എന്തോ വസ്തു നിലത്തൊഴിച്ച ശേഷം തീകൊളുത്തുന്നതും സിസിടിവിയില്‍ വ്യക്തമായിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു.
ലണ്ടന്‍ ഇപ്പോള്‍ ഒരു വിനോദത്തിന് പറ്റിയ ഇടമല്ലാതായി മാറിയെന്ന് പ്രദേശത്ത് കട നടത്തുന്ന ഒരാള്‍ പ്രതികരിച്ചു. ബിസിനസ്സുകള്‍ ഭയപ്പാടോടെയാണ് ഇവിടെ തുടരുന്നത്, അദ്ദേഹം പറഞ്ഞു. റെസ്റ്റൊറന്റ് അപ്പാടെ കത്തിയ നിലയിലാണ്. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴാണ് തീപടര്‍ന്നതായി മനസ്സിലാക്കുന്നത്.
രോഹിത കലുവാലയെന്ന ഇന്ത്യന്‍ വംശജനാണ് റെസ്‌റ്റൊറന്റ് നടത്തിയിരുന്നത്. ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന ഷോപ്പായിരുന്നു ഇത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി പോലും ഇത്തരമൊരു അക്രമത്തിന് ഇറങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.