കുടിയേറ്റക്കാര്‍ ഇല്ലാതെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് ജോലി നല്‍കി സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയം. ഈ നയത്തില്‍ അടിയുറച്ച് നില്‍ക്കുമെന്ന് കാണിക്കാന്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ കടുപ്പിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ്. എന്നാല്‍ പറയുന്നത് പോലെ കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി നല്‍കുന്ന സൂചന.
അടിസ്ഥാനപരമായി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ദുര്‍ബലമാകുന്നതും, മഹാമാരി കാലം മുതല്‍ ജോലിക്കാരുടെ എണ്ണത്തില്‍ നേരിടുന്ന തളര്‍ച്ചയും കൂടിച്ചേര്‍ന്ന് ബ്രിട്ടന് ഗുരുതരമായ വെല്ലുവിളിയാണ് സമ്മാനിക്കുന്നതെന്ന് ഗവര്‍ണര്‍ പറയുന്നു. ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും, ജോലിക്ക് ലഭ്യമാകുന്ന യുവാക്കളുടെ എണ്ണം കുറയുന്നതും ചേരുമ്പോള്‍ പ്രായമേറുന്ന ജനസംഖ്യയുടെ കാഠിന്യം വീണ്ടും കൂടും.
ജനസംഖ്യക്ക് പ്രായം കൂടുന്നത് അടുത്ത കാലത്തൊന്നും മാറാന്‍ സാധ്യതയില്ല. 2040 ആകുന്നതോടെ യുകെയുടെ 40 ശതമാനം ജനസംഖ്യയും 64 വയസ്സിലേറെ പ്രായമുള്ളവരാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ്-19 മഹാമാരിക്ക് മുന്‍പത്തേക്കാള്‍ 16-64 വയസ്സ് വരെയുള്ള ആക്ടീവായുള്ള വ്യക്തികളുടെ എണ്ണം ബ്രിട്ടന്റെ ലേബര്‍ വിപണിയില്‍ കുറയുകയാണ് ചെയ്തതെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. മാനസിക ആരോഗ്യമാണ് ജോലിയെടുക്കാതിരിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്.
ലേബര്‍ വിപണിയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ബെനഫിറ്റുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അവരുടെ ശ്രമത്തിന് സ്വന്തം എംപിമാര്‍ തന്നെ പാര പണിതു. 2025 രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം 16 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ള 21% ബ്രിട്ടീഷുകാരും ജോലി ചെയ്യാതിരിക്കുകയോ, ഇതിനായി അന്വേഷണം നടത്താതെ ഇരിക്കുകയോ ചെയ്യുന്നവരാണെന്ന് വ്യക്തമാകുന്നുണ്ട്.