ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ കുടിയേറ്റത്തോടെ വൈമുഖ്യം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ്. പ്രത്യേകിച്ച് അഭയാര്‍ത്ഥികള്‍ യാതൊരു തടസ്സവും കൂടാതെ ബ്രിട്ടനില്‍ പ്രവേശിക്കുകയും, സ്വദേശികളായ ജനങ്ങള്‍ക്ക് പോലും ലഭിക്കാത്ത സേവനങ്ങള്‍ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ രോഷം വര്‍ദ്ധിക്കുകയാണ്.
എന്നാല്‍ ഇതുവരെ ഒരു പാര്‍ട്ടിയും ധൈര്യം കാണിക്കാത്ത വിധത്തില്‍ ഇമിഗ്രേഷന് എതിരെ നിലപാട് സ്വീകരിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് റിഫോം യുകെ. ഇതിന്റെ ഭാഗമായി രാജ്യത്തുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും പിടികൂടി, നാടുകടത്തുമെന്നാണ് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഒരിക്കലും തിരിച്ചുവരാത്ത വിധത്തിലാകും നാടുകടത്തലെന്നും ഫരാഗ് കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ റീസ്റ്റോറിംഗ് ജസ്റ്റിസ് എന്നുപേരിട്ട കൂട്ട നാടുകടത്തല്‍ ബ്ലൂപ്രിന്റാണ് റിഫോം നേതാവ് പുറത്തുവിട്ടിരിക്കുന്നത്. ഡിറ്റന്‍ഷന്‍ ക്യാംപുകള്‍, ദിവസേന അഞ്ച് വീതം നാടുകടത്തല്‍ വിമാനങ്ങള്‍, തിരിച്ചുവരുന്നതിന് ആജീവനാന്ത വിലക്ക് എന്നിവയാണ് ഇതില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
തങ്ങളുടെ ആദ്യ പാര്‍ലമെന്റിന്റെ കാലയളവില്‍ തന്നെ 600,000 പേരെ നാടുകടത്താന്‍ കഴിയുമെന്ന് ഫരാഗ് വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 17 ബില്ല്യണ്‍ പൗണ്ട് ലാഭം നേടാമെന്നാണ് വാദം. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും ബ്രിട്ടന്‍ ഉപേക്ഷിച്ചിറങ്ങുകയും ചെയ്യും. അനധികൃതമായി എത്തുന്നവരെ ഉടന്‍ തടങ്കലില്‍ എടുക്കുകയും, നാടുകടത്തുകയും മാത്രമാണ് ഈ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പോംവഴിയെന്ന് ഫരാഗ് ചൂണ്ടിക്കാണിക്കുന്നു.