ഭരണത്തിലേറിയിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടേയുള്ളൂ. പറയത്തക്ക നേട്ടമൊന്നും ഈ ഘട്ടത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ആവശ്യത്തിലേറെ കോട്ടങ്ങള്‍ സമ്മാനിച്ച് കഴിഞ്ഞു. ലേബര്‍ ഗവണ്‍മെന്റിനും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കും തലവേദന ഒഴിഞ്ഞ സമയമില്ല. മുന്‍ ഗവണ്‍മെന്റിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ന്യായീകരിക്കപ്പെടുന്നുമില്ല.
ഈ ഘട്ടത്തിലാണ് ലേബര്‍ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന് സ്വന്തം എംപിമാര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തോല്‍വി ഉറപ്പിക്കാമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാര്‍ട്ടി എംപിമാരും, പാര്‍ട്ടി ഗ്രാന്‍ഡീസും.
കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് പ്രധാനമന്ത്രിയോട് ഇവര്‍ ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ സംരക്ഷണങ്ങള്‍ തല്‍ക്കാലം സസ്‌പെന്‍ഡ് ചെയ്ത്, ഡെന്‍മാര്‍ക്കിന്റെ 'അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലെന്ന' കടുപ്പമേറിയ രീതി പ്രയോഗിക്കാനാണ് ഉപദേശം. പ്രതിസന്ധി കൈകാര്യം ചെയ്യുന്ന ഗവണ്‍മെന്റ് രീതിയില്‍ വമ്പിച്ച പൊതുരോഷം ഉയരുന്നുണ്ട്.
അഭയാര്‍ത്ഥി ഹോട്ടലുകള്‍ സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നത് മോശമായ രീതിയിലാണെന്നാണ് 70 ശതമാനം വോട്ടര്‍മാര്‍ യൂഗോവ് സര്‍വ്വെയില്‍ വ്യക്തമാക്കിയത്. 56 ശതമാനം ലേബര്‍ വോട്ടര്‍മാരും ഈ നിലപാടിലാണ്. രാജ്യം നേരിടുന്ന പ്രധാന വിഷയം ഇമിഗ്രേഷനും, അഭയാര്‍ത്ഥിത്വവുമാണെന്ന് പത്തില്‍ നാല് പേരാണ് ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബറിന് വോട്ട് ചെയ്ത 16 ശതമാനം പേര്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇതിലും മികച്ച രീതിയില്‍ റിഫോം യുകെയ്ക്ക് സാധിക്കുമെന്ന് കരുതുന്നു. ലേബറിന്റെ ആദ്യ വര്‍ഷത്തില്‍ റെക്കോര്‍ഡ് കുറിച്ച് 111,084 അഭയാര്‍ത്ഥി അപേക്ഷകള്‍ എത്തിയ കണക്കുകളാണ് സ്റ്റാര്‍മറുടെ നടപടികളെ വിമര്‍ശവിധേയമാക്കുന്നത്.