ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നിലുള്ളത് കീറാമുട്ടികളാണ്. ഏത് ഭാഗത്ത് സ്പര്‍ശിച്ചാലും പൊള്ളും. അതുകൊണ്ട് തന്നെ ഒരു നടപടിയും ഇല്ലാതെ പോകുന്നതിലും ഭേദം ഏതെങ്കിലും ഒക്കെ ഭാഗങ്ങളില്‍ പൊള്ളുന്നത് തന്നെയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച സമ്മാനിക്കാനെന്ന പേരില്‍ നടത്തിയ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍ തളര്‍ച്ച സമ്മാനിച്ചപ്പോള്‍ ഞെട്ടിപ്പോയത് റീവ്‌സ് മാത്രമല്ല, ജനങ്ങള്‍ കൂടിയാണ്.
ഇപ്പോള്‍ ഏത് വഴിക്ക് പുതിയ നികുതി അടിച്ചേല്‍പ്പിക്കുമെന്ന ആശങ്കയിലാണ് ജനം. ഇതിനിടയിലാണ് പുതിയ പ്രോപ്പര്‍ട്ടി ടാക്‌സുമായി റീവ്‌സ് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ഓട്ടം ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഹൗസിംഗ് വിപണി ഇപ്പോള്‍ മെല്ലെപ്പോക്കിലേക്ക് മാറിയെന്ന് എസ്‌റ്റേറ്റ് ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
500,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്താന്‍ റേച്ചല്‍ റീവ്‌സ് ആലോചിക്കുന്നതായാണ് കരുതുന്നത്. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള പ്രൈമറി ഭവനങ്ങള്‍ക്ക് നല്‍കിയിരുന്ന ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇളവ് ഒഴിവാക്കി ഗവണ്‍മെന്റിന് കൂടുതല്‍ വരുമാനം നല്‍കാനും ചാന്‍സലര്‍ ആലോചന നടത്തുന്നുണ്ട്.
500,000 പൗണ്ടിന് മുകളിലെ വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്തുമെന്ന് വന്നതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പലരും കാത്തിരുന്ന് കാണാമെന്ന നിലപാടിലേക്ക് മാറിയെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല പറയുന്നു.