ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവരെ നാടുകടത്താനുള്ള പദ്ധതികള്‍ ഒരു ഭാഗത്ത് ഒരുക്കുകയാണ്. ഇതിനിടയിലാണ് പുറത്താക്കാന്‍ തടങ്കലില്‍ വെയ്ക്കുന്നവരെ സുഖിപ്പിക്കാന്‍ ബ്രിട്ടന്‍ പുതിയ ജോലിക്കാരെ തേടുന്നത്. നികുതിദായകരുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് ഗവണ്‍മെന്റ് ഒരുക്കി നല്‍കുന്ന സൗകര്യങ്ങളുടെ ലിസ്റ്റ് കണ്ട് ജനം ഞെട്ടലിലാണ്.
ബലൂണ്‍ ക്രാഫ്റ്റ് മുതല്‍ പൂക്കള്‍ ഒരുക്കാനുള്ള ജോലി വരെ പഠിപ്പിക്കാന്‍ ആവശ്യമുള്ള ജീവനക്കാരെയാണ് ഹീത്രൂ ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്ക് തേടുന്നത്. ഗുരുതര ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ചിട്ടുള്ള സ്ഥലത്താണ് പെയിന്റിംഗ്, ഹെയര്‍ഡ്രസിംഗ് ട്യൂട്ടര്‍മാര്‍, ജിം ട്രെയിനര്‍ എന്നിങ്ങനെ ജോലിക്കാരെ ആവശ്യമുള്ളത്.
ഇതില്‍ നാലോളം തസ്തികകളില്‍ പ്രതിവര്‍ഷം 165,000 പൗണ്ട് വരെയാണ് ശമ്പളം. സംഭവം വിവാദമായതോടെ ഈ റോളുകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഹോം ഓഫീസ് മന്ത്രി സീമാ മല്‍ഹോത്ര പറഞ്ഞു.
എപ്പിംഗിലെ ഹോട്ടലില്‍ നിന്നും കുടിയേറ്റക്കാരെ പുറത്താക്കാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ഹോം ഓഫീസ് ഇതിന്റെ വിധിക്കായി കാത്തിരിക്കുകയാണ്. പ്രദേശവാസികളുടെ ആശങ്കയെ മറികടക്കുന്നതാണ് അഭയാര്‍ത്ഥികളുടെ അവകാശങ്ങളെന്നാണ് ഗവണ്‍മെന്റ് കോടതിയെ അറിയിച്ചിരിക്കുന്നത്.