ഉയരുന്ന വിലകളില്‍ ബ്രിട്ടനിലെ സാധാരണക്കാരായ ജനങ്ങള്‍ നട്ടം തിരിയുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഓരോ ദിവസവും ഞെരുക്കം വര്‍ദ്ധിച്ച് വരുന്ന സ്ഥിതി വന്നതോടെ കുറഞ്ഞ വരുമാനക്കാരുടെ വീട്ടുചെലവുകളില്‍ 4.1 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഉയര്‍ന്ന വരുമാനക്കാരുടെ 3.8 ശതമാനം ചെലവുകള്‍ വര്‍ദ്ധിച്ച സ്ഥാനത്താണിത്. എനര്‍ജി, ഭക്ഷണം, വാടക ചെലവുകള്‍ കുതിച്ചുയരുന്നതിനാല്‍ കുടുംബ ബജറ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് പാവപ്പെട്ട കുടുംബങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്.
സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയിലൂടെയാണ് ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുകയെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മുന്‍പ് പറഞ്ഞിരുന്നു എന്നാല്‍ 2023 ജൂണിന് ശേഷം കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് നേരിടുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കിയിരുന്നു.
ലേബര്‍ അധികാരത്തിലെത്തിയ ശേഷം പണപ്പെരുപ്പം ഇരട്ടിയായി ഉയര്‍ന്നുവെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. സാധാരണക്കാരായ, ജോലി ചെയ്യുന്ന കുടുംബങ്ങളാണ് ഇതിന്റെ ആഘാതം അനുഭവിക്കുന്നത്, സ്‌ട്രൈഡ് വ്യക്തമാക്കി.