പലസ്തീന്‍ ആക്ഷന്‍ എന്ന പ്രചാരണ ഗ്രൂപ്പിനെ സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ നടന്ന പ്രകടനത്തില്‍ ലണ്ടനില്‍ 425 ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ വിലക്കിനെ എതിര്‍ക്കാന്‍ സെന്‍ട്രല്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയത്. നിരോധിത സംഘടനയെ പിന്തുണച്ചതിനാണ് ഭൂരിഭാഗം അറസ്റ്റുകളും നടന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മറ്റ് പൊതു ക്രമസമാധാന ലംഘനങ്ങള്‍ക്കും 25 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തു. പലസ്തീന്‍ ആക്ഷനെ തീവ്രവാദ നിയമ പ്രകാരം ജൂലൈയില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഗ്രൂപ്പില്‍ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുകയും 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുകയും ചെയ്യും. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ പ്രകോപനപരമായ അധിക്ഷേപ മുദ്രാവാക്യങ്ങളും പൊലീസിന്റെ കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തലും അക്രമണങ്ങളും ഉണ്ടായെന്ന് പൊലീസ് പറഞ്ഞു.
അതേസമയം പ്ലക്കാര്‍ഡുകള്‍ കൈവശം വച്ചു പ്രതിഷേധം നടത്തിയ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ഉദ്യോഗസ്ഥര്‍ ആക്രമാസക്തമായി ആക്രമിച്ചുവെന്നും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്നും റാലി സംഘടിപ്പിച്ച ഡിഫന്‍സ് ഔര്‍ ജുറീസ് പറഞ്ഞു.