ഉപപ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും തലവേദന ഒഴിയാതെ ആഞ്ചെല റെയ്‌നര്‍. നികുതി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതോടെ പദവികള്‍ ഒഴിഞ്ഞ റെയ്‌നര്‍ക്ക് മേലുള്ള കുരുക്ക് ഇപ്പോള്‍ വീണ്ടും മുറുകുകയാണ്. റെയ്‌നറുടെ മണ്ഡലത്തിലെ വീടിന്റെ മൂല്യം കുടുംബ അഭിഭാഷകര്‍ പെരുപ്പിച്ച് കാണിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പാര്‍ലമെന്റ് മണ്ഡലത്തിലെ വീടിന്റെ മൂല്യത്തില്‍ 150,000 പൗണ്ടാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രേഖകളില്‍ അബദ്ധം കടന്നുകൂടിയതാണെന്നാണ് അഭിഭാഷകര്‍ അവകാശപ്പെടുന്നത്.
റെയ്‌നറുടെ ആഷ്ടണ്‍ അണ്ടര്‍ ലൈനിലെ വീടിന്റെ ഔദ്യോഗിക മൂല്യം ലാന്‍ഡ് രജിസ്ട്രി രേഖകളില്‍ 487,000 പൗണ്ടെന്നത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ 650,000 പൗണ്ടിലേക്കാണ് വര്‍ദ്ധിപ്പിച്ചത്.
ഈ പ്രദേശത്ത് സമാനമായ വീടുകളുടെ വിലയേക്കാള്‍ 100,000 പൗണ്ടിലേറെ മൂല്യം ഉയര്‍ത്തിക്കാണിച്ചത്. ഈ വിവരം കൂടി പുറത്തുവന്നതോടെ റെയ്‌നറുടെ ഭവന ഇടപാടുകളില്‍ കൂടുതല്‍ സംശയങ്ങളാണ് ഉയരുന്നത്. മുന്‍ ഉപപ്രധാനമന്ത്രിയുടെ വീട് ഇടപാടുകളില്‍ 'അബദ്ധങ്ങള്‍' കടന്നുകൂടുന്നത് എങ്ങിനെയെന്ന ചോദ്യമാണ് ഇപ്പോള്‍ വ്യാപകമാകുന്നത്.