ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് ആളുകള്‍ രോഗബാധിതരായി. എട്ടോളം പേര്‍ക്കാണ് രോഗബാധ പിടിപെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മാഞ്ചസ്റ്ററിലെ സെയിലിലുള്ള ദോശാ കിംഗ്‌സിലാണ് ശനിയാഴ്ച ഉച്ചയോടെ ആളുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടത്. വിവരമറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി വിവരം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നോര്‍ത്തേണ്‍ റോഡിലെ ഭക്ഷണശാലയിലേക്ക് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് എത്തുന്നത്.
സൗത്ത് ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ഗ്യാസ് ലീക്ക് ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ ട്രാഫോര്‍ഡ് കൗണ്‍സിലില്‍ നിന്നും ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിളമ്പിയ ഭക്ഷണത്തില്‍ നിന്നുമാണ് രോഗബാധ നേരിട്ടതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്ന റെസ്റ്റൊറന്റാണ് ദോശാ കിംഗ്‌സ്. ഏറ്റവും മികച്ച ദോശയാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഇവരുടെ വെബ്‌സൈറ്റും പറയുന്നു. ഇതിനിടയില്‍ ഭക്ഷ്യവിഷബാധ എങ്ങനെ സംഭവിച്ചുവെന്നതാണ് ഇനി അന്വേഷണവിധേയമാകുക.