CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 12 Seconds Ago
Breaking Now

യുക്മ വെയിത്സ് റീജിയണല്‍ കലാമേള 2025; ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി ചാമ്പ്യന്‍മാര്‍, കാര്‍ഡിഫ് മലയാളി അസ്സോസ്സിയേഷന്‍ രണ്ടാം സ്ഥാനത്ത്, മൂന്നാം സ്ഥാനം മെര്‍തിര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്

പതിനാറാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ക്ക് വെയിത്സില്‍  വിജയകരമായി തുടക്കം കുറിച്ചു. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ റീജിയണല്‍ കലാമേളയില്‍ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ കാര്‍ഡിഫ് മലയാളി അസ്സോസ്സിയേഷന്‍ രണ്ടാം സ്ഥാനവും മെര്‍തിര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുക്മ വെയിത്സ് റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ കലാമേള ഉദ്ഘാടനം ചെയ്തു. റീജിയണല്‍ സെക്രട്ടറി ഷെയ്ലി തോമസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിന്‍, സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജ്, ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ പ്രസിഡന്റ് ജോബിന്‍ ജോര്‍ജ്ജ്, സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ ബിനോ ആന്റണി, സൌത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി ജോബി തോമസ്, വെയിത്സ് റീജിയണല്‍ ഭാരവാഹികളായ ടോബിംള്‍ കണ്ണത്ത് (ട്രഷറര്‍), പോളി പുതുശ്ശേരി (വൈസ് പ്രസിഡന്റ്), ഗീവര്‍ഗ്ഗീസ് മാത്യു (ജോയിന്റ് സെക്രട്ടറി), സുമേഷ് ആന്റണി (ജോയിന്റ് ട്രഷറര്‍), സാജു സലിംകുട്ടി (സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ പങ്കെടുത്തു. റീജിയണല്‍ ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജോബി മാത്യു ഉദ്ഘാടന യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

വൈകുന്നേരം ചേര്‍ന്ന സമാപന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. രാവിലെ 09.30 മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ വളരെ മികച്ച രീതിയില്‍ കൃത്യമായ സമയക്രമം പാലിച്ച് നടത്തുവാന്‍ സംഘാടകര്‍ക്ക് സാധിച്ചു. ദേശീയ, റീജിയണല്‍ ഭാരവാഹികളോടൊപ്പം അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികളായ തോമസ്‌കുട്ടി ജോസഫ്, തോമസ് ഒഴുങ്ങാലില്‍, രതീഷ് രവി, ലിജോ വി തോമസ്, ബിജു പോള്‍, അലന്‍ പോള്‍ പുളിക്കല്‍, ആന്‍സ് ജോസഫ്, പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ കലാമേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

ഏറെ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയിലെ നിവേദ്യ മനീഷ് കലാതിലകപ്പട്ടം കരസ്ഥമാക്കിയപ്പോള്‍ ബ്രിഡ്ജന്റ് മലയാളി അസ്സോസ്സിയേഷനിലെ ജൊഹാന്‍ ഫ്രാന്‍സിസ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പുകള്‍ - കിഡ്സ് വിഭാഗം: നിവേദ്യ മനീഷ് (ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി), സബ് ജൂണിയര്‍: ജോഷ് ഷിബു (ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി), ജൂണിയര്‍: അലോന മേരി അനില്‍ (മെര്‍തിര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍), സീനിയര്‍: ജ്യോതിമോള്‍ തോമസ് (മെര്‍തിര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍) എന്നിവര്‍ കരസ്ഥമാക്കി.

യുക്മ വെയില്‍സ് റീജിയണ്‍ കലാമേള വിജയമാക്കുവാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും യുക്മ വെയില്‍സ് റീജിയണല്‍ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിന്‍, പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി ഷെയ്‌ലി തോമസ് എന്നിവര്‍ നന്ദി അറിയിച്ചു.

 

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.