വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്ന കേന്ദ്ര സര്‍ക്കാരാണ് തങ്ങളുടെതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.അധിര്‍ രഞ്ജന്‍ ചൗധരിക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാ രാമന്‍. രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചിരുന്നു.മണിക്കൂറുകള്‍ക്കുള്ളില്‍ ലോക്‌സഭയില്‍ ചൗധരിക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മലസീതാരാമന്‍.
'ഞാന്‍ നിര്‍ബലയല്ല, ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും സബലയാണ്. ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ നിര്‍മ്മലയായി തുടരും'. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ എല്ലാ സ്ത്രീകളും സബലയാണെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.ധനമന്ത്രിയെ നിര്‍മ്മലാ സീതാരാമന്‍ എന്ന് വിളിക്കുന്നതിലും ഉചിതം നിര്‍ബലാ സീതാരാമന്‍ എന്ന് വിളിക്കുന്നതാണ് എന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തിയത്.
താന്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കാതെയാണ് ഇങ്ങനെ വിമര്‍ശിക്കുന്നത്. കൂടുതല്‍ ആശയങ്ങള്‍ തരൂ എന്നാണ് വിമര്‍ശകരോട് പറയാനുള്ളത്. ഞങ്ങള്‍ അതെല്ലാം ഗൗരവമായി എടുക്കും.
മോദി സര്‍ക്കാര്‍ സ്യൂട്ടും ബൂട്ടും ധരിക്കുന്നവരുടെ സര്‍ക്കാരെന്ന വിമര്‍ശനം അടിസ്ഥാന രഹിതമാണ്. ഉജ്ജ്വല യോജന, ആയുഷ്മാന്‍ യോജന, പി എം കിസാന്‍ സമ്മാന്‍ നിധി എന്നിവരുടെ പ്രയോജനം കിട്ടുക സ്യൂട്ടും ബൂട്ടും ധരിക്കുന്നവര്‍ക്കല്ല. 11 കോടി ശൗചാലയങ്ങള്‍ അഞ്ച് വര്‍ഷത്തിനിടെ നിര്‍മ്മിച്ചു. പദ്ധതിയുടെ പ്രയോജനം ലഭിച്ചത് തങ്ങളുടെ സഹോദരി ഭര്‍ത്താക്കന്മാര്‍ക്കല്ല. സഹോദരി ഭര്‍ത്താവിന് ഗുണമുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും കോണ്‍ഗ്രസിനെ കുത്തി ധനമന്ത്രി പറഞ്ഞു.