CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 47 Seconds Ago
Breaking Now

എന്തിന് വേണ്ടിയാണ് ഫ്‌ളോയ്ഡിനെ കൊന്നത്? ഭയം നിഴലിച്ച മുഖത്തിന് നേര്‍ക്ക് തോക്കുചൂണ്ടി പോലീസ്; കരയുന്ന ഫ്‌ളോയ്ഡിനെ നിഷ്‌കരുണം കാറില്‍ തള്ളിക്കയറ്റാന്‍ നോക്കി; വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തി പോലീസ് ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്ത്

കരയുന്ന, അപേക്ഷിക്കുന്ന ഇരയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ പോലും പോലീസുകാര്‍ തയ്യാറായില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്

അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെ പോലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം ലോകത്തെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. ഇതിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് പ്രതിഷേധങ്ങള്‍ക്ക് എണ്ണയൊഴിച്ച് സംഭവങ്ങളുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്നതിന് മുന്‍പുള്ള അറസ്റ്റിന്റെ ദൃശ്യങ്ങളാണ് ഡെയ്‌ലിമെയില്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് പോലീസുകാരുടെ ബോഡിക്യാം ഫൂട്ടേജുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ ചോദ്യങ്ങളാണ് ഇതേക്കുറിച്ച് ഉയരുന്നത്. 

പോലീസുകാര്‍ അടുത്ത് വരുന്നതോടെ തന്റെ കാറില്‍ ഭയപ്പെട്ട് ഇരിക്കുന്ന ഫ്‌ളോയ്ഡിന്റെ തലയ്ക്ക് നേരെ ഹാന്‍ഡ്ഗണ്‍ ചൂണ്ടിയ പോലീസുകാരന്റെ ദൃശ്യങ്ങള്‍ മുതല്‍ തെരുവില്‍ അവസാന ശ്വാസം വലിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ടേപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 'മിസ്റ്റര്‍ ഓഫീസര്‍ എന്നെ വെടിവെയ്ക്കരുത്, പ്ലീസ് മാന്‍' എന്ന് ഫ്‌ളോയ്ഡ് അപേക്ഷിക്കുന്നത് പോലും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മെയ് 25ന് ഈ സംഭവങ്ങള്‍ക്ക് ശേഷം പോലീസ് കാറില്‍ കയറ്റുന്നതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ മുട്ടുകുത്തി ഇരുന്നാണ് പോലീസ് ആ മനുഷ്യന്റെ ജീവന്‍ കവര്‍ന്നത്. 

കരയുന്ന, അപേക്ഷിക്കുന്ന ഇരയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ പോലും പോലീസുകാര്‍ തയ്യാറായില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തനിക്ക് ക്ലോസ്‌റ്റോഫോബിയയും, ആകാംക്ഷാ പ്രശ്‌നങ്ങളും ഉണ്ടെന്ന് ഫ്‌ളോയ്ഡ് പറയുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം നിലത്തുവീണ ഫ്‌ളോയ്ഡിന്റെ കഴുത്തിലാണ് ഒന്‍പത് മിനിറ്റോളം ഓഫീസര്‍ ഡെറെക് ഷോവിന്‍ മുട്ടുകുത്തി ഇരുന്നത്. 'എനിക്ക് ശ്വാസം കിട്ടുന്നില്ല' എന്ന കരച്ചിലൊന്നും ഓഫീസറെ പിന്തിരിപ്പിച്ചില്ല. ഒടുവില്‍ മരണം ആ തെരുവില്‍ വെച്ച് അദ്ദേഹത്തെ പുല്‍കുകയും ചെയ്തു. 

വീഡിയോയിലെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ജൂലൈ മധ്യത്തില്‍ പുറത്തുവിട്ടിരുന്നെങ്കിലും ദൃശ്യങ്ങള്‍ കോടതിയില്‍ മാത്രം കാണിച്ചാല്‍ മതിയെന്ന് മിനെയാപൊളിസ് ജഡ്ജ് ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഡെയ്‌ലിമെയില്‍ ഈ ദൃശ്യങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടത്. ഓഫീസര്‍മാരായ അലക്‌സ് കുവെംഗ്, തോമസ് ലെയിന്‍ എന്നിവരുടെ ബോഡിക്യാം ഫൂട്ടേജുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫ്‌ളോയ്ഡിന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ഓഫീസര്‍മാരെ പോലീസ് സേന പുറത്താക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.