CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 4 Seconds Ago
Breaking Now

രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇറച്ചിക്കത്തിക്ക് വെട്ടിവീഴ്ത്തി 18-കാരനായ പാകിസ്ഥാന്‍കാരന്‍; പാരീസില്‍ നടന്നത് ഇസ്ലാമിക ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രി; മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ചാര്‍ലി ഹെബെഡോയുടെ മുന്‍ ഓഫീസിന് മുന്നില്‍ വീണ്ടും ചോരവീണു

ഫ്രഞ്ച് ന്യൂസ്, വീഡിയോ ഏജന്‍സിയായ പ്രീമിയേഴ്‌സ് ലിഗ്നസിലെ മാധ്യമപ്രവര്‍ത്തകരാണ് ഇരകള്‍

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഭീകരാക്രമണം നേരിട്ട ചാര്‍ലി ഹെബെഡോയുടെ പാരീസിലെ മുന്‍ ഓഫീസിന് മുന്നില്‍ വീണ്ടും ഭീകരാക്രമണം. ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെട്ട 2015-ലെ ഭീകരാക്രമണത്തിലെ പ്രതികളുടെ വിചാരണ പുരോഗമിക്കുമ്പോഴാണ് രണ്ട് മാധ്യമപ്രവര്‍ത്തകരെ പട്ടാപ്പകല്‍ ഇറച്ചിക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തിയത്. സംഭവം ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ടതാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. 

വെട്ടേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവന് അപകടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയെ ഒരു മാസം മുന്‍പ് ബാസ്റ്റൈല്‍ ഒപ്പേറയുടെ പടികളില്‍ വെച്ച് കൈയില്‍ സ്‌ക്രൂഡ്രൈവറുമായി നടന്നതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ട് പോലും ഇയാള്‍ ഇസ്ലാമിക തീവ്രവാദത്തില്‍ പെട്ട ആളാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞില്ല. 

പാകിസ്ഥാനില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് മൈനറായി എത്തിയ വ്യക്തിയാണ് പ്രധാന പ്രതി അലിയെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ വ്യക്തമാക്കി. 'ഇത് ഇസ്ലാമിക ഭീകരവാദമാണ്. നമ്മുടെ രാജ്യത്തിനും, മാധ്യമപ്രവര്‍ത്തകര്‍ക്കും, സമൂഹത്തിനും എതിരായി നടന്ന ക്രൂരമായ അക്രമമാണിത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന അക്രമിയെയും, ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാമന്‍ 33-കാരനായ അള്‍ജീരിയക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ കൂടി പിടിച്ചെന്ന് റോയിറ്റേഴ്‌സ് വ്യക്തമാക്കി. 

രാഷ്ട്രീയ അഭയം തേടിയെത്തിയ അലിയെ ഫ്രഞ്ച് തലസ്ഥാനത്തെ ഉയര്‍ന്ന സുരക്ഷയുള്ള പോലീസ് സ്‌റ്റേഷനിലേക്ക് നീക്കി. തീവ്രവാദ പോലീസ് കേസ് ഏറ്റെടുത്തു. 2015ല്‍ കൂട്ടക്കൊല നടന്ന ചാര്‍ലി ഹെബെഡോയുടെ ഓഫീസിന് സമീപമായതിനാലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നത്.

ഫ്രഞ്ച് ന്യൂസ്, വീഡിയോ ഏജന്‍സിയായ പ്രീമിയേഴ്‌സ് ലിഗ്നസിലെ മാധ്യമപ്രവര്‍ത്തകരാണ് ഇരകള്‍. ഈ സ്ഥാപനത്തിലുള്ളവരാണ് 2015ല്‍ ചാര്‍ലി ഹെബെഡോ ഓഫീസില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തിയത്. രഹസ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ലി ഹെബെഡോ ഇൗയിടെ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.