താന്‍ പണമാവശ്യപ്പെട്ടത് ബിനീഷ് കോടിയേരിയോട് മാത്രമാണെന്ന് ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി. എന്നാല്‍ വിവിധ അക്കൗണ്ടുകളില്‍ നിന്നും പണം തന്റെ അക്കൗണ്ടുകളിലേക്കെത്തിയിട്ടുണ്ട് . ഇത് എങ്ങനെ എന്ന് തനിക്കറിയില്ല, അനൂപ് മുഹമ്മദ് പറയുന്നു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള അനൂപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പ് ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി തയ്യാറാക്കിയത്. 20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇതില്‍ 6 ലക്ഷം രൂപ നല്‍കിയത് താനാണന്നെ് ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് ചില സുപ്രധാന വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നതായാണ് വിവരം.