യുക്മ ദേശീയ സമിതി, 2024 ല്‍ യുക്മ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതി യോഗമാണ് 2024 ലെ സുപ്രധാന ഇവന്റുകളുടെ തീയതികള്‍ തീരുമാനിച്ചത്.
യുകെയിലെ മലയാളി കായിക പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള ജൂണ്‍ 29 ശനിയാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 2023 ല്‍ നനീട്ടണിലെ പിംഗിള്‍സ് സ്റ്റേഡിയത്തിലായിരുന്നു ദേശീയ കായികമേള നടന്നത്. ഈ വര്‍ഷത്തെ ദേശീയ കായികമേളയുടെ വേദി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതാണ്.
യുക്മ ഇവന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 31 ശനിയാഴ്ച നടത്തപ്പെടും. കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഈ ഏറ്റവും വലിയ ജലമാമാങ്കം യുകെ മലയാളികള്‍ ഏറെ താല്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. 2017, 2018, 2019 വര്‍ഷങ്ങളില്‍ വളരെ ഭംഗിയായി നടത്തപ്പെട്ട കേരളപൂരം വള്ളംകളി കോവിഡ് മഹാമാരി താണ്ഡവമാടിയ 2020, 2021 വര്‍ഷങ്ങളില്‍ മുടങ്ങിയെങ്കിലും 2022 മുതല്‍ പൂര്‍വ്വാധികം ഭംഗിയായി യുക്മ സംഘടിപ്പിക്കുകയാണ്. യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ കേരളപുരം വള്ളംകളി ഇക്കുറിയും വന്‍ ആഘോഷമായി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ് യുക്മ നേതൃത്വം.
യുക്മ ദേശീയ കലാമേള നവംബര്‍ 2 ശനിയാഴ്ച നടത്തുന്നതിന് യുക്മ ദേശീയ സമിതി തീരുമാനിച്ചു. കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഈ ഏറ്റവും വലിയ കലാമത്സരത്തിന് യുകെ യിലെ കലാ സ്‌നേഹികളായ മലയാളികള്‍ നല്‍കി വരുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണ്. 2023 ലെ ദേശീയ കലാമേള ഗ്‌ളോസ്റ്റര്‍ഷയറിലെ ചെല്‍റ്റന്‍ഹാമിലാണ് നടന്നത്.
യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണല്‍, ദേശീയ കായികമേളകള്‍, ആറാമത് യുക്മ കേരളപൂരം വള്ളംകളി, യുക്മ റീജിയണല്‍, ദേശീയ കലാമേളകള്‍ എന്നിവ വന്‍ വിജയമാക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.
അലക്‌സ് വര്‍ഗ്ഗീസ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)