റോഡുകളില്‍ നികുതി കൊടുത്ത് വാങ്ങിയ വാഹനവുമായി ആരെ പേടിക്കാന്‍ എന്നൊരു ചിന്തയുണ്ടോ? എന്നാല്‍ ഈ ചിന്ത ഇനി മാറ്റിവെയ്ക്കാം. കാരണം മനുഷ്യരായ പോലീസുകാരോട് കൈയും, കാലും പിടിച്ച് ന്യായീകരണങ്ങള്‍ പറഞ്ഞ് റോഡിലെ നിയമലംഘനങ്ങളില്‍ നിന്നും തലയൂരാന്‍ കഴിയുമായിരുന്നെങ്കില്‍ ഇനിയത് നടപ്പില്ല. കാരണം ബ്രിട്ടനിലെ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ പിടികൂടാനായി കണ്ണുതുറന്നിരിക്കുന്നത് 'പുതിയ എഐ ക്യാമറകളാണ്'.
ഇന്ന് മുതലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ഓട്ടോമാറ്റിക്കായി തിരിച്ചറിയുന്ന എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഏരിയയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന എഐ ടെക്‌നോളജി പിന്നീട് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും.
വാഹനത്തിന് പിന്നിലോ, ട്രെയിലറിലോ ഘടിപ്പിച്ചിട്ടുള്ള നൂതന ക്യാമറകള്‍ മേഖലയിലെ വിവിധ ഭാഗങ്ങളിലായാണ് വിന്യസിച്ചിട്ടുള്ളത്. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ക്യാമറയിലെ സാങ്കേതിക വിദ്യ ഓട്ടോമാറ്റിക്കായി തിരിച്ചറിയുമെന്ന് ഇത് നിര്‍മ്മിച്ച അക്യുസെന്‍സസ് ടെക് കമ്പനി പറയുന്നു.
2021-ല്‍ നാഷണല്‍ ഹൈവേസിലാണ് ഈ ടെക്‌നോളജി ആദ്യമായി ട്രയല്‍സ് നടത്തിയത്. കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്ന സോഫ്റ്റ്‌വെയര്‍ എഐ സഹായത്തോടെ ഡ്രൈവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചോ, സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്നോ എന്നുതുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തും. ഇത് വ്യക്തമാക്കുന്ന തരത്തില്‍ രണ്ട് ഫോട്ടോകളും എടുക്കും.
കൂടാതെ ഫോണില്‍ നിന്നും സന്ദേശം അയയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുന്ന ചിത്രവും ഉണ്ടാകും. എഐ കണ്ടെത്തുന്ന കുറ്റങ്ങള്‍ മനുഷ്യര്‍ പരിശോധിച്ച് സ്ഥിരീകരിക്കും. ഇതിന് ശേഷമാകും പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസ് നല്‍കുക. ഈ നിയമലംഘനങ്ങള്‍ക്ക് പുറമെ റെഡ്‌ലൈറ്റ് ലംഘനം, പ്രാബല്യമുള്ള എംഒടി ഇല്ലാതെയും, ഇന്‍ഷുറന്‍സ് ഇല്ലാത്തവരെയും എഐ ക്യാമറകള്‍ തിരിച്ചറിയും.