ബൈബിള്‍ വചനങ്ങളിലൂന്നി കലാ രൂപങ്ങളിലൂടെ മഹാത്തായ ആശയങ്ങള്‍ കാണികളിലേക്കെത്തിക്കുന്ന ബൈബിള്‍ കലോത്സവത്തിന് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഏഴാമത് കലോത്സവം ആരംഭിച്ചു.12 ഓളം വേദികളിലാണ് രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നത്.
ബൈബിള്‍ പ്രതിഷ്ഠയോടുകൂടി ഉദ്ഘാടന സമ്മേളനം തുടങ്ങി. ബൈബിള്‍ പ്രതിഷ്ട പ്രദിക്ഷണത്തില്‍ അഭിവന്ദ്യ പിതാവിനോട് ചേര്‍ന്ന് മിഷന്‍ ലീഗ് കുട്ടികളും വോളന്റീഴ്സും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകര്‍ എന്നിവര്‍ വേദിയില്‍ അണിനിരന്നു.
അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറല്‍ അച്ചനും പാസ്റ്ററല്‍ കോര്‍ഡിനേറ്ററും വൈദികരും സിസ്റേഴ്സും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അല്‍മായ പ്രധിനിധികളും ചേര്‍ന്ന് തിരി തെളിച്ചാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്.
ബൈബിള്‍ കലോത്സവത്തിലൂടെ രൂപതയുടെ സംസ്‌കാരം രൂപപ്പെടുന്നു, ബൈബിള്‍ സംസ്‌കാരത്തോടെ, രൂപതയുടെ തന്നെ സംസ്‌കാരത്തോടെ വിശ്വാസത്തിലൂന്നി വളരാന്‍ ഈ കലോത്സവം കുരുന്നുകളെ സഹായിക്കുമെന്ന് പിതാവ് പറഞ്ഞു.
ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പുതുതലമുറയ്ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇടവക അംഗങ്ങളില്‍ നിന്നു തന്നെ കഴിവ് തെളിയിച്ചവരാണ് ഇവിടെ വേദിയിലെത്തുന്നത്. ലഭിച്ച കഴിവുകള്‍ കൂടുതല്‍ മികവോടെ അവതരിപ്പിക്കുക. സംഗീതവും ആഘോഷവും സന്തോഷം നല്‍കുന്നവയാണ്. സന്തോഷം നഷ്ടപ്പെടരുത്. നിങ്ങള്‍ അന്വേഷിക്കുന്ന സന്തോഷത്തിന് ഒരു മുഖമുണ്ട്.. പരിശൂദ്ധാത്മാവിലൂടെ എല്ലാത്തിലും സന്തോഷം കണ്ടെത്തണമെന്ന് മാര്‍ സ്രാമ്പിക്കല്‍ പിതാവ് ഏവരോടും ആഹ്വാനം ചെയ്തു.
വിജയത്തെ മാത്രമല്ല പരാജയത്തേയും അതേ ആനന്ദത്തോടെ സ്വീകരിക്കാന്‍ ഇടയാകട്ടെ. ദൈവം ഈ ദിവസം ഏറ്റെടുക്കട്ടെ, ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഉത്ഘാടന പ്രസംഗത്തിനു ശേഷം വിവിധ സ്റ്റേജുകളിലായി മത്സരങ്ങള്‍ ആരംഭിച്ചു
നൃത്തങ്ങളും പാട്ടും സ്‌കിറ്റും ഒക്കെയായി വിവിധ വേദികള്‍ സജീവമായി കഴിഞ്ഞു. വലിയ ജനപങ്കാളിത്തമാണ് ഇക്കുറിയും ബൈബിള്‍ കലോത്സവ വേദിയിലുള്ളത്.
പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചന്റേയും പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ടോം ഓലിക്കരോട്ട് അച്ചന്റേയും നേതൃത്വത്തില്‍ ജോര്‍ജ് എട്ടുപറയില്‍ അച്ചന്‍ ചെയര്‍മാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള 24 അംഗ കമ്മിഷന്‍ അംഗങ്ങളാണ് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് . ജോണ്‍ പുളിന്താനത് അച്ചനും ജോസഫ് പിണക്കാട്ട് അച്ചനും വര്‍ഗീസ് കൊച്ചുപുരക്കല്‍ അച്ചനും കലോത്സവ ജോയിന്റ് കോര്‍ഡിനേറ്റര്‍സ് ആയി പ്രവര്‍ത്തിക്കുന്നു. ബൈബിള്‍ കലോത്സവമത്സരങ്ങള്‍ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷന്‍ ചാനലില്‍ കൂടിയും ലൈവ് പ്രക്ഷേപണം നടത്തുന്നുണ്ട്.