കൊച്ചി കളമശ്ശേരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതിക്കായി തെരച്ചില്‍ തുടര്‍ന്ന് പൊലീസ്. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജെയ്‌സി എബ്രഹാമിന്റെ മരണത്തില്‍ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ജെയ്‌സിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ കേസിലെ ദൂരൂഹതയും കൂടി വരികയാണ്.
കാനഡയില്‍ ഉള്ള മകളുടെ ആവശ്യപ്രകാരം പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ശുചിമുറിയില്‍ ജെയ്‌സിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം. സാഹചര്യതെളിവുകളിലെ സംശയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോടെ പൊലീസ് ഉറപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അയല്‍ക്കാരുടെ മൊഴി.
പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്‌സി. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തര്‍ക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു.
മുഖം വികൃതമാക്കിയ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മര്‍ദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.