അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 82 വയസായിരുന്നു. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം നല്‍കി നടിയെ ആദരിച്ചിട്ടുണ്ട്.നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മീനാ ഗണേശ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തിയെങ്കിലും 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് താരം സിനിമയില്‍ സജീവമായത്. 1942 ല്‍ പാലക്കാട് കല്ലേക്കുളങ്ങരയില്‍ ജനിച്ചു. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന്‍ കെ പി കേശവന്റെ മകളാണ്. സ്‌കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമായി. കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1971 ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ ട്രൂപ്പ് പരിച്ചുവിട്ടു. വീണ്ടും മറ്റ് സമിതികളുടെ നാടകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.