ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. പണമില്ലത്തതു കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപെടരുതെന്നും അദേഹം പറഞ്ഞു.
സൗജന്യ യാത്ര പദ്ധതി സര്‍ക്കാരിന്റെ പരിഗണയിലാണെന്നും ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മെട്രോ യാത്രനിരക്കില്‍ 50 ശതമാനം ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായും കെജ്രിവാള്‍ അറിയിച്ചു.
ഡല്‍ഹി മെട്രോയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ഓഹരിയുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടി ചൂണ്ടികാട്ടുന്നത്. അതിനാല്‍ ഇതിന്റെ ചെലവ് കേന്ദ്ര- ഡല്‍ഹി സര്‍ക്കാര്‍ വഹിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മെട്രോ സേവനം. അവരുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.