വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്. ആരോപണത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിജിപിക്ക് രേഖാമൂലം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി നല്‍കി. വ്യാജ പരാതിയിലൂടെ സര്‍ക്കാര്‍ മരുന്ന് വിതരണ സംവിധാനത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായെന്നാണ് വകുപ്പ് സംശയിക്കുന്നത്.
അതേസമയം, മൊട്ടുസൂചി ഗുളികയില്‍ കണ്ടെത്തിയെന്ന വ്യാജ പരാതിക്കെതിരെ പൊതുപ്രവര്‍ത്തകന്റെ പരാതിയില്‍ വിതുര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. നിജസ്ഥിതി കണ്ടെത്തണമെന്ന പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് കേസ്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ഗുളികയില്‍ മൊട്ടുസൂചി കിട്ടിയെന്ന് പരാതിപ്പെട്ടത് മേമല ഉരുളികുന്ന് സ്വദേശിനി വസന്തയാണ്.
ശ്വാസം മുട്ടലിന് വാങ്ങിച്ച ആന്റിബയോട്ടിക് ഗുളിക സംശയം തോന്നി പൊളിച്ചെന്നും മൂന്ന് ഗുളികകളില്‍ സൂചി കണ്ടെന്നുമായിരുന്നു വ്യാഴാഴ്ച ഉന്നയിച്ച പരാതി. സി-മോക്‌സ് ക്യാപ്‌സ്യൂള്‍ ഗുളികയെ ചൊല്ലിയായിരുന്നു പരാതി. സമുഹമാധ്യമങ്ങളില്‍ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയില്‍ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്.
പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റ് സ്റ്റോക്കിലോ പ്രശ്‌നമൊന്നും കണ്ടെത്തിയിരുന്നില്ല.
ആദ്യം കഴിച്ച ഗുളികകളിലും മൊട്ടു സൂചിയുണ്ടായിരുന്നോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്‌സേറെ പരിശോധനയിലും അപാകത ഒന്നും കണ്ടെത്തിയിരുന്നില്ല. ഗുളികകളുടെ ഘടനയ്‌ക്കോ ഗുണനിലവാരത്തിനോ വ്യത്യാസമില്ല. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടോ എന്ന സംശയമുയര്‍ന്നത്. മരുന്ന് കമ്പനിയില്‍ നിന്ന് കെഎംഎസ്‌സിഎല്‍ വഴി ശേഖരിച്ച ഗുളികയാണ് ആശുപത്രി ഫാര്‍മസിയിലൂടെ വിതരണം ചെയ്തത്.
സംസ്ഥാനത്ത് കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഫാര്‍മസി വഴി നല്‍കുന്നത് അടുത്തിടെ കര്‍ശനമായി നിരോധിച്ചിരുന്നു. നടപടിയും ശക്തമാക്കിയിരുന്നു. ആന്റി ബയോട്ടിക്ക് മരുന്ന് വില്‍പന സംസ്ഥാനത്ത് കുത്തനെ കുറഞ്ഞെന്ന കണക്കും പുറത്തുവന്നിരുന്നു. കച്ചവടം കുറഞ്ഞതോടെ സ്വകാര്യ മരുന്ന് കമ്പനികളുടെ ലോബി, പൊതുസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണോ എന്ന സംശയമാണ് ആരോഗ്യവകുപ്പിനുള്ളത്. ശക്തമായ അന്വേഷണം ആവശ്യപ്പട്ടാണ് ഡിഎച്ച്എസ് രേഖാമൂലം ഡിജിപിയെ പരാതി അറിയിച്ചത്.