ലണ്ടന്‍: ഗില്‍ഫോര്‍ഡ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളുടെ വിസ്മയ കാഴ്ചകളൊരുക്കി വര്‍ണ്ണാഭമായി നടന്നു. ആഘോഷങ്ങളുടെ ഇടയിലേക്ക് കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസ് കുട്ടികള്‍ക്കും മുതിര്‍ന്നവരോടുമൊപ്പം നടത്തിയ തകര്‍പ്പന്‍ ഡാന്‍സ് മുഴുവന്‍ കാണികള്‍ക്കും വിസ്മയകരവും അപൂര്‍വ്വവുമായ ദൃശ്യാനുഭവമായി മാറി.
ഗില്‍ഫോര്‍ഡ് കിംഗ്‌സ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ജി എം സി എയിലെ പ്രതിഭാധനരായ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച മനോഹരമായ നേറ്റിവിറ്റിഷോയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ജി എം സി എ പ്രസിഡന്റ് മോളി ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലോക കേരളസഭാംഗവും മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റുമായ സി എ ജോസഫ് ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി.
ഓരോ വര്‍ഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തുമ്പോള്‍ വിണ്ണിലെ സന്തോഷവും സമാധാനവും ഭൂമിയിലെ മനുഷ്യരുടെ ഹൃദയങ്ങളിലും നിറയുന്നുണ്ടോയെന്ന് നാം പുനഃപരിശോധന നടത്തേണ്ടതാണെന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ വിതറി മാനവ മനസ്സുകളില്‍ സന്തോഷം നിറയാന്‍ എല്ലാവരുടെയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കിടയാകട്ടെയെന്നും സി എ ജോസഫ് തന്റെ സന്ദേശത്തില്‍ എടുത്തു പറഞ്ഞു.
ജി എം സി എ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് തിരിതെളിച്ച് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി നിക്‌സണ്‍ ആന്റണി സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് ഇടവേളയില്ലാതെ നടന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറിയപ്പോള്‍ അപൂര്‍വ്വമായ ദൃശ്യ വിസ്മയകാഴ്ചകളാണ് സദസ്സിന് സമ്മാനിച്ചത്. ജിഎംസിഎയുടെ നേതൃത്വത്തില്‍ ഓരോ ഭവനങ്ങളിലും നടത്തിയ കാരോള്‍ സന്ദര്‍ശനാവസരത്തില്‍ ഏറ്റവും മികച്ച ദീപാലങ്കാരത്തിന് ഏര്‍പ്പെടുത്തിയ സമ്മാനം രാജീവ് -ബിന്‍സി ദമ്പതികള്‍ സെക്രട്ടറി നിക്സണ്‍ ആന്റണിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച അവതാരകയായി എത്തി മുഴുവന്‍ പരിപാടികളും ചിട്ടയോടെ അവതരിപ്പിക്കുവാന്‍ അവസരമൊരുക്കിയ സാറാ മറിയം ജേക്കബ്ബ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.
ജി എം സി എ ഭാരവാഹികളോടൊപ്പം ആഘോഷ കമ്മറ്റി അംഗങ്ങളായ സ്‌നോബിന്‍ മാത്യു, ജിന്‍സി ഷിജു, വിനോദ് ജോസഫ് , രാജീവ് ജോസഫ്, സനു ബേബി, ഷിജു മത്തായി, ക്‌ളീറ്റസ് സ്റ്റീഫന്‍ തുടങ്ങിയവരാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വിജയകരമായി നടത്തുന്നതിന് നേതൃത്വം കൊടുത്തത്. പരിപാടികളില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഫാന്‍സി നിക്‌സന്റെ കൃതജ്ഞത പ്രകാശനത്തോടെ ആഘോഷ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.
ജിന്‍സി കോരത്