വര്‍ക്കലയില്‍ മകള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയ വൃദ്ധ ദമ്പതികളെ തിരികെ പ്രവേശിപ്പിച്ചു. മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. മകന്‍ എത്തിയാണ് താക്കോല്‍ കൈമാറിയത്. ഇതിന് ശേഷം ഇരുവരും വീട്ടില്‍ കയറി. ഈ സമയം മകളും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.
അതിനിടെ വിഷയത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഇടപെട്ടു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ആര്‍ഡിഒയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി. നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വര്‍ക്കലയില്‍ മകള്‍ മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടച്ചത്. കാന്‍സര്‍ രോഗികൂടിയായ 79 വയസുള്ള സദാശിവനെയും ഭാര്യ 73കാരി സുഷമ്മയെയുമാണ് മകള്‍ വീടിന് പുറത്താക്കിയത്. നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവര്‍ മാതാപിതാക്കളെ വീടിനുള്ളില്‍ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. ഇതിന് പിന്നാലെ സദാശിവനേയും സുഷമയേയും പൊലീസ് ഇടപെട്ട് ഒരു ബന്ധുവീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് അയിരൂര്‍ പൊലീസ് മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്.
ഇതിനിടെ മകള്‍ക്ക് തങ്ങള്‍ 35 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും അത് ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ പുറത്താക്കിയതെന്നും വൃദ്ധദമ്പതികള്‍ പ്രതികരിച്ചു. ഇന്നലെ രാത്രി ഇരുവരും ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞത്. ഇന്ന് വൈകിട്ടോടെയാണ് മകന്‍ ബന്ധുവീട്ടില്‍ എത്തി താക്കോല്‍ നല്‍കിയത്. ഇരുവരും തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സിജിയും കുടുംബവും ഉണ്ടായിരുന്നില്ല. അവര്‍ തൊട്ടടുത്ത് വാടക വീട്ടിലേക്ക് താമസം മാറ്റിയെന്ന് പൊലീസ് പറഞ്ഞു.