CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 52 Seconds Ago
Breaking Now

ലോകസഭയുടെ പരിസരത്ത് എത്തിയില്ല; കോണ്‍ഗ്രസ് നല്‍കിയ വിപ്പും ലംഘിച്ചു; വഖഫ് ബില്‍ അവതരണത്തില്‍ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി മുങ്ങി

14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്

വഖഫ് ഭേദഗതി ബില്ലിന്റെ അവതരണ ദിനത്തില്‍ ലോകസഭയില്‍ നിന്നും മുങ്ങി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ബില്ലിന്റെ അവതരണ ചര്‍ച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി വിട്ടുനില്‍ക്കുകയായിരുന്നു.

നേരത്തെ, വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാര്‍ലമെന്റിലെത്തിയിരുന്നില്ല. ഇന്നലെ വഖഫ് ബില്ലിന്റെ അവതരണം ആരംഭിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് രണ്ടോടെയാണ് അദേഹം സഭയില്‍ എത്തിയത്.

14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു.

പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിര്‍ദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളി. ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം ബില്‍ ഭരണ ഘടനാ വിരുദ്ധമാണെന്ന് വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്കിടെ ഭരണ- പ്രതിപക്ഷ വാക്പോര് പലതവണയുണ്ടായി. അസദുദീന്‍ ഉവൈസി ബില്ലിന്റെ പകര്‍പ്പ് കീറുന്നതടക്കം പ്രതിഷേധങ്ങളും ചര്‍ച്ചയ്ക്കിടെയുണ്ടായി. പ്രതിപക്ഷം കൊണ്ടുവന്ന ഓരോ ഭേദഗതിയും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട ശേഷമാണ് തള്ളിയത്. പുലര്‍ച്ചെ 2 മണി വരെ നടപടിക്രമങ്ങള്‍ നീണ്ടു. ലോക്സഭ പാസാക്കിയതോടെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വയ്ക്കും.

പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടത്. മുനമ്പത്തെ ജനങ്ങള്‍ക്കു നീതി ലഭിക്കണമെന്നു തന്നെയാണു കേരളത്തില്‍നിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും ആഗ്രഹമെന്നും എന്നാല്‍ അതിന്റെ പേരില്‍ മതസ്വാതന്ത്ര്യം ഇല്ലാതാകുന്ന നീക്കങ്ങള്‍ പാടില്ലെന്നും കോണ്‍ഗ്രസില്‍നിന്നു പ്രസംഗിച്ച കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ബില്‍ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുസ്ലിംകളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു പറഞ്ഞു. 'ഈ ബില്‍ വന്നില്ലായിരുന്നെങ്കില്‍, പാര്‍ലമെന്റ് സമുച്ചയത്തിനു മേല്‍ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു' മന്ത്രി വിമര്‍ശനമുന്നയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.