CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 54 Seconds Ago
05:25:22 am
09
Apr 2025
Wednesday
Breaking Now

'10 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 1.57 ലക്ഷം കോടി, യുപിഎ കാലത്തെക്കാള്‍ 239% കൂടുതല്‍'; കണക്കുകള്‍ നിരത്തി ധനമന്ത്രി

46,300 കോടിയാണ് 2004 മുതല്‍ 2014 വരെയുള്ള യുപിഎ കാലത്ത് കേരളത്തിന് കിട്ടിയത്.

കേരളത്തിന് 2014 മുതല്‍ 2024 വരെ പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 1.57 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ല. യുപിഎ കാലത്തെക്കാള്‍ 239 ശതമാനം കൂടുതലാണ് മോദി സര്‍ക്കാര്‍ കാലത്ത് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ ധനബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു നിര്‍മലാ സീതാരാമന്‍.

46,300 കോടിയാണ് 2004 മുതല്‍ 2014 വരെയുള്ള യുപിഎ കാലത്ത് കേരളത്തിന് കിട്ടിയത്. ഫിനാന്‍സ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ളതെല്ലാം നല്‍കി. ഗ്രാന്റുകള്‍ 509 ശതമാനം കൂട്ടി. യുപിഎ കാലത്ത് 25,630 കോടിയാണ് ലഭിച്ചത്. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ നല്‍കാതെ കോവിഡിനുശേഷം സാമ്പത്തികമായി സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം 50 കൊല്ലത്തേക്ക് പലിശയില്ലാത്ത വായ്പയായി കേരളത്തിന് 2715 കോടി സഹായം നല്‍കി.

കൊല്ലത്ത് ദേശീയപാതയില്‍ ഒരു ചെറിയഭാഗം പരസ്പരം ബന്ധിപ്പിക്കാനാവാതിരുന്നത് 40 കൊല്ലമാണ്. മോദി ഭരണത്തിലാണ് ആ ചെറിയ ഭാഗം പൂര്‍ത്തീകരിച്ചത്. കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണ്. കടമെടുക്കല്‍ പരിധി ഉയര്‍ത്താന്‍ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കോടതി പറഞ്ഞത് സംസ്ഥാനം നിയന്ത്രണമില്ലാതെയുണ്ടാക്കിയ സാമ്പത്തിക ദുരന്തത്തിന് കേന്ദ്രത്തിന് ബാധ്യതയില്ലെന്നാണ്.

കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സിഎജി 2024-ലിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2022-23-കാലത്ത് 97.88 ശതമാനം കടമെടുപ്പും നേരത്തേയുള്ള കടം വീട്ടാനാണെന്നാണ്. 2023-24-കാലത്ത് കേരളത്തിന് അനുവദിച്ച 94,649 കോടി രൂപ ശമ്പളം, പലിശ, പെന്‍ഷന്‍ എന്നിവ നല്‍കാനാണ്. വരുമാനത്തിന്റെ 74 ശതമാനം വരുമിത്. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയമാണിതിന് കാരണം. എന്നാല്‍ കേരളത്തിന് നല്‍കുന്നതില്‍ നിന്ന് കേന്ദ്രത്തെ ഇതൊന്നും തടയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് വ്യവസായമേഖല, കണ്ണൂര്‍ വിമാനത്താവളം, കോട്ടയം ഗ്രീന്‍ഫീല്‍ഡിന് അനുമതി, 1300 കിലോമീറ്റര്‍ ദേശീയപാത, വാട്ടര്‍ മെട്രോ, 27 കിലോമീറ്റര്‍ കൊച്ചി മെട്രോ തുടങ്ങിയവയൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനുവദിച്ചതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇതെല്ലാം പഴയകഥയാണെന്ന് സിപിഐ അംഗം പി സന്തോഷ് കുമാര്‍ പറഞ്ഞപ്പോള്‍ നമ്പൂതിരിപ്പാടിന്റെ സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞ പഴയ കഥ നിങ്ങള്‍ മറന്നോയെന്ന് മന്ത്രി ചോദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.