ഇത്രയും കാലം ഒപ്പം നിന്നിട്ട് നാമമാത്ര ശമ്പളവര്‍ദ്ധനവ് നല്‍കാമെന്ന് പ്രഖ്യാപിച്ച ലേബര്‍ ഗവണ്‍മെന്റിനെ പാഠംപഠിപ്പിക്കാന്‍ ബ്രിട്ടനിലെ ഏറ്റവും വലിയ വിദ്യാഭ്യാസ യൂണിയന്‍. ഈ വര്‍ഷം തന്നെ അധ്യാപകര്‍ക്ക് കൂടുതല്‍ പണം അനുവദിക്കാത്ത പക്ഷം, ലേബര്‍ എംപിമാരെ കൊണ്ട് ഇത് നടപ്പാക്കിയെടുക്കാന്‍ സമരത്തിന് ഇറങ്ങുമെന്നാണ് ഭീഷണി.
ഗവണ്‍മെന്റിന് രാഷ്ട്രീയ കേടുപാട് സമ്മാനിക്കാന്‍ അര മില്ല്യണ്‍ അംഗങ്ങളെ ഒപ്പം കൂട്ടാനാണ് നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്‍ തയ്യാറെടുക്കുന്നത്. അധ്യാപകര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ദ്ധന നിര്‍ദ്ദേശിച്ച് മന്ത്രിമാര്‍ ചതിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡാനിയേല്‍ കെബെഡെ പറഞ്ഞു. ലേബറിന് വോട്ട് ചെയ്തവരെയും അവര്‍ ചതിച്ചതായി കെബെഡെ ആരോപിച്ചു.
അധ്യാപകര്‍ സമരം ആഗ്രഹിക്കുന്നില്ലെങ്കിലും പണപ്പെരുപ്പത്തിന് മുകളിലുള്ള ഓഫര്‍ ലഭിച്ചില്ലെങ്കില്‍ ഓട്ടം സീസണ്‍ പണിമുടക്ക് നടത്താന്‍ ബാലറ്റിംഗ് നടത്തുമെന്ന് യൂണിയന്‍ വ്യക്തമാക്കി. ഉടന്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇത് എതിര്‍പ്പ് സൃഷ്ടിക്കുമെന്നതിനാല്‍ ലേബര്‍ എംപിമാര്‍ ഈ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് കാണുന്നത്. പ്രധാനമന്ത്രിക്ക് ഇത് വലിയ തലവേദനായിയ മാറുകയും ചെയ്യും.
എന്‍ഇയു രാഷ്ട്രീയ ബന്ധമില്ലാത്ത സംഘടനയാണെങ്കിലും ലേബര്‍ അനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ട്. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ നേരിട്ട ചെലവ് ചുരുക്കലുകള്‍ ലേബര്‍ ഗവണ്‍മെന്റ് തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂണിയന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ കെബെഡെ പ്രഖ്യാപിച്ചു.