ആരാണ് സ്ത്രീ? നിയമപരമായി സ്ത്രീയെ നിര്‍വചിച്ച് യകെ സുപ്രീംകോടതിയുടെ സുപ്രധാന വിധി. യുകെ ഇക്വാളിറ്റി ആക്ട് 2010-മായി ബന്ധപ്പെട്ട് നിയമപരമായി വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഏത് രീതിയിലാണ് അവകാശങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന ചോദ്യം സുപ്രധാനമായി മാറിയത്.
2004-ലെ ജെന്‍ഡര്‍ റെക്കഗ്നിഷന്‍ ആക്ട് പ്രകാരം 'സര്‍ട്ടിഫൈ' ചെയ്ത ലിംഗത്തില്‍ പെട്ടവരാണോ, ഈ ലിംഗത്തില്‍ ജനിച്ചവരാണോ സ്ത്രീകളെന്ന ചോദ്യത്തിലാണ് സുപ്രീംകോടതി ജഡ്ജിമാര്‍ ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം 2010 ഇക്വാളിറ്റി ആക്ടിലെ 'ജന്മനാ സ്ത്രീയായി പിറന്നവള്‍' എന്ന നിര്‍വചനമാണ് നിലനില്‍ക്കുകയെന്നാണ് ഐക്യകണ്‌ഠേന പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നതില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം തുടരുമെന്നും ലണ്ടന്‍ കോടതിയില്‍ ജഡ്ജിമാര്‍ വ്യക്തമാക്കി. എഡിന്‍ബര്‍ഗ് കോര്‍ട്ട് ഓഫ് സെഷനില്‍ നീക്കം പരാജയപ്പെട്ടതോടെ സ്‌കോട്ടിഷ് ഗവണ്‍മെന്റിന് എതിരെ ഫോര്‍ മുവണ്‍ സ്‌കോട്ട്‌ലണ്ട് ക്യാംപെയിന്‍ ഗ്രീൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിധി സ്ത്രീകളുടെ അവകാശത്തിലുള്ള വിജയമാണെന്ന് എഫ്ഡബ്യുഎസ് ഡയറക്ടര്‍ ട്രിനാ ബഡ്ജ് പറഞ്ഞു. ട്രാന്‍സ് അവകാശങ്ങളെ കുറിച്ചുള്ള കേസല്ല ഇത്. സ്ത്രീ ആരാണെന്നത് സംബന്ധിച്ച് നിയമപരമായ വ്യക്തത വരുത്തുകയാണ് ചെയ്തത്. ഒരു സ്ത്രീക്ക് വേണ്ടിയുള്ള ഇടം, സ്ത്രീക്ക് വേണ്ടി മാത്രമാണെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. മറിച്ച് പുരുഷന്റേതല്ല. ലിംഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടിയാലും ഇതില്‍ മാറ്റം വരില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധി വന്നതോടെ എന്‍എച്ച്എസില്‍ വനിതാ നഴ്‌സുമാരുടെ ചേഞ്ചിംഗ് റൂമുകള്‍ ട്രാന്‍സ് വനിതാ ജീവനക്കാര്‍ക്കായി തുറന്നുകൊടുത്തതില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. എന്‍എച്ച്എസിന് പുറമെ പോലീസ്, വനിതാ ജയിലുകള്‍ എന്നിവിടങ്ങളിലും ട്രാന്‍സ് അനുകൂല നിബന്ധനകള്‍ പുറപ്പെടുവിച്ചിരുന്നു.