ബ്രിട്ടനില്‍ പണപ്പെരുപ്പ സമ്മര്‍ദം ഒരു ഭാഗത്ത് നിലനില്‍ക്കുന്നതിനിടെയാണ് ഏപ്രില്‍ മാസത്തില്‍ കൗണ്‍സില്‍ ടാക്‌സ് ഉള്‍പ്പെടെ സകലമാന ബില്ലുകളും വര്‍ദ്ധിപ്പിച്ചത്. ജനത്തിന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന ഈ അവസ്ഥയില്‍ നിന്നും എന്തെങ്കിലും ഒരു ആശ്വാസത്തിന് സാധ്യതയുണ്ടോയെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് മാര്‍ച്ച് മാസത്തില്‍ പണപ്പെരുപ്പ നിരക്ക് താഴ്ന്നിരിക്കുന്നത്.
ഇന്ധന പമ്പുകളിലെ വില കുറഞ്ഞതിന്റെ ബലത്തിലാണ് തുടര്‍ച്ചയായ രണ്ടാം മാസത്തിലും യുകെയില്‍ പണപ്പെരുപ്പം താഴ്ന്നത്. അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമന്ന പ്രതീക്ഷയാണ് ഈ വാര്‍ത്ത സമ്മാനിക്കുന്നത്. മുന്‍ മാസം 2.8 ശതമാനത്തില്‍ നിലനിന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ 2.6 ശതമാനമായാണ് കുറഞ്ഞത്.
എന്നിരുന്നാലും ബാങ്ക് ലക്ഷ്യമിടുന്ന 2 ശതമാനത്തിലും കൂടുതലാണ് ഇപ്പോഴും പണപ്പെരുപ്പം. ആഭ്യന്തര എനര്‍ജി ബില്ലുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന് നില്‍ക്കുന്നത് പ്രധാന ഘടകമാണ്. എന്നിരുന്നാലും പലിശ നിരക്ക് 4.50 ശതമാനത്തില്‍ നിന്നും താഴ്ത്താന്‍ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഇക്കണോമിസ്റ്റുകള്‍ പ്രവചിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള തലത്തില്‍ വളര്‍ച്ചയെ തളര്‍ത്തുന്ന വിധത്തില്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിനാല്‍ പണപ്പെരുപ്പം മുന്‍പ് പ്രതീക്ഷിച്ച അത്രയും ഉയരില്ലെന്നതാണ് ഇതിന് കാരണം.
മേയില്‍ പലിശ കുറയാനുള്ള എല്ലാ സാധ്യതയകളും നിലനില്‍ക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ കണക്കാക്കുന്നതിന് പിന്നില്‍ ഈ കാരണങ്ങളാണുള്ളത്. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സ്ഥിതി കൂടുതല്‍ മോശമാകാതെ പോകുമെന്നും വ്യക്തമാകുന്നുണ്ട്. ഫെബ്രുവരിയിലാണ് കേന്ദ്ര ബാങ്ക് അവസാനമായി പലിശ കുറയ്ക്കുന്നത്. ഇത് തുടരാന്‍ സന്നദ്ധത കാണിച്ചാല്‍ മോര്‍ട്ട്‌ഗേജുകാരെ സംബന്ധിച്ച് ആശ്വാസ വാര്‍ത്തയാകും.