
















ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മൊന്‍ ത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്രപ്രദേശില്‍ ജനജീവിതം സ്തംഭിച്ചു . മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചതായാണ് വിവരം. തീവ്രചുഴലിക്കാറ്റായിരുന്ന മോന്‍തയുടെ തീവ്രത കുറഞ്ഞ് വെറും ചുഴലിക്കാറ്റ് ആയി മാറി. ആന്ധ്രയിലെ മച്ചലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായി രാത്രി 12.30 ഓടെയാണ് മോന്‍ത തീരംതൊട്ടത്. റോഡ്, റെയില്‍ ഗതാഗതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. ആന്ധ്രയില്‍ 12 ജില്ലകളില്‍ കനത്തമഴ തുടരുകയാണ്. ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മൊന്‍ ത ഒഡീഷ തീരം ലക്ഷ്യമിട്ട് നീങ്ങുകയാണ്. ഇതോടെ ഒഡീഷയിലും തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്നാട്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അറബിക്കടലിലെ തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ സജീവമാകുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.