
















തേജസ്വി യാദവ് ഇപ്പോഴും അച്ഛന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിട്ടില്ലെന്ന് സഹോദരനും ജന്‍ശക്തി ജനതാദള്‍ പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യം തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതിന് പിന്നാലെയാണ് തേജ് പ്രതാപ് യാദവിന്റെ പ്രതികരണം. തേജസ്വിയെ അനുയായികള്‍ 'ജനനായകന്‍' എന്ന് വിളിക്കുന്നതിനെപ്പറ്റിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം
'ജനനായകന്‍ എന്നതൊക്കെ റാം മനോഹര്‍ ലോഹ്യയെയും കര്‍പൂരി താക്കൂറിനെയും പോലുളള അതികായന്മാരെ വിളിക്കുന്ന പേരാണ്. ലാലു പ്രസാദ് യാദവിനെയും അതില്‍ ഉള്‍പ്പെടുത്താം. പക്ഷെ തേജസ്വി ഇപ്പോഴും അച്ഛന്റെ നിഴലിലാണ്. എന്ന് അവന്‍ സ്വയം വ്യക്തിമുദ്ര പതിപ്പിക്കുന്നോ അന്ന് അവനെ ജനനായകന്‍ എന്ന് വിളിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും', തേജ് പ്രതാപ് യാദവ് പറഞ്ഞു.
ആര്‍ജെഡിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആര്‍ജെഡിയിലേക്ക് മടങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നാണ് തേജ് പ്രതാപ് യാദവ് പറഞ്ഞത്. അധികാരത്തോട് ആര്‍ത്തിയില്ലെന്നും അതിനേക്കാള്‍ ആദര്‍ശത്തിനും ആത്മാഭിമാനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.