
















ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി രോഗബാധ. സിംഗ്ഭൂം ജില്ലയിലെ സര്‍ദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര വീഴ്ച. ജനിതക രോഗം ബാധിച്ച കുട്ടികള്‍ക്കാണ് എച്ച്ഐവി പോസിറ്റീവ് ആയത്. ചൈബാസ സദര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍നിന്നും രക്തം സ്വീകരിച്ചവര്‍ക്കാണ് രോഗബാധയുണ്ടായത്. തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരനാണ് ആദ്യം എച്ച് ഐവി സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് നാല് കുട്ടികള്‍ക്കു കൂടി എച്ച്‌ഐവിയാണെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ വിദഗ്ധ അന്വേഷണത്തിനായി സര്‍ക്കാര്‍ അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. തലസീമിയ രോഗിയായ കുട്ടിയ്ക്ക് ബ്ലഡ് ബാങ്കില്‍നിന്ന് 25 യൂണിറ്റ് രക്തം നല്‍കിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികള്‍ക്കും നല്‍കാറുള്ളതുപോലെ സൗജന്യമായാണ് രക്തം നല്‍കിയത്. എന്നാല്‍ രക്തം സ്വീകരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയില്‍ കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
എച്ച്‌ഐവി ബാധിതന്റെ രക്തം സ്വീകരിച്ചതിനാലാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്ഐവി ബാധിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്നും ഉപയോഗിച്ച സൂചികള്‍ വീണ്ടും ഉപയോഗിച്ചാലും ഇത്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ സുശാന്തോ മാജി പറഞ്ഞു. കുട്ടികള്‍ക്ക് രക്തം നല്‍കിയ രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.