
















ദില്ലിയിലെ 20കാരിയുടെ ആസിഡ് ആക്രമണ പരാതി നാടകമെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വഴിത്തിരിവായി. പ്രതികള്‍ എന്ന് പെണ്‍കുട്ടി പറഞ്ഞ മൂന്ന് പേരും ആക്രമണം നടന്ന സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഒരാള്‍ കരോള്‍ ബാഗില്‍ ആയിരുന്നു എന്നതിന് തെളിവ് ലഭിച്ചു. മറ്റു രണ്ടു പേരും ആക്രമണ സമയത്ത് ആഗ്രയില്‍ ആയിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് നിന്നും ആസിഡിന്റെ സാന്നിധ്യം പൊലീസിന് കണ്ടെത്താനായില്ല. പെണ്‍കുട്ടി ടോയ്‌ലറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് കയ്യില്‍ പൊള്ളല്‍ ഏല്‍പ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.
കോളജിലേക്ക് പോകുമ്പോള്‍ ദിവസങ്ങളായി തന്നെ പിന്തുടര്‍ന്ന ജിതേന്ദ്ര എന്ന യുവാവും അയാളുടെ രണ്ട് കൂട്ടാളികളായ അര്‍മാന്‍, ഇഷാന്‍ എന്നിവരും ചേര്‍ന്ന് ആസിഡ് ഒഴിച്ചു എന്നാണ് ബികോം വിദ്യാര്‍ത്ഥിനി നേരത്തെ പറഞ്ഞത്. മുഖത്തേക്ക് ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞപ്പോള്‍ കയ്യില്‍ പൊള്ളലേറ്റു എന്നായിരുന്നു മൊഴി. എന്നാല്‍ പെണ്‍കുട്ടി പ്രതികളെന്ന് ചൂണ്ടിക്കാട്ടിയ മൂന്ന് പേരും സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അഖീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് എല്ലാം നാടകമായിരുന്നുവെന്ന് പൊലീസ് പറഞ്ഞത്.
സംഭവത്തിന് രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയുടെ അച്ഛനെതിരെ പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞവരില്‍ ഒരാളുടെ ഭാര്യ പൊലീസില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. അഖീല്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പരാതി. 2021 മുതല്‍ മൂന്ന് വര്‍ഷം താന്‍ അഖീലിന്റെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നുവെന്നും അവിടെ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഫോട്ടോകളും വീഡിയോകളും എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പ്രതികളെന്ന് യുവതി പറഞ്ഞ മറ്റു രണ്ട് യുവാക്കളുടെ അമ്മയും അഖീല്‍ ഖാനെതിരെ രംഗത്തെത്തി. അഖീല്‍ ഖാന്റെ ബന്ധുക്കള്‍ തനിക്ക് നേരെ 2018ല്‍ ആസിഡ് ആക്രമണം നടത്തിയെന്നാണ് യുവാക്കളുടെ അമ്മ പറഞ്ഞത്. ഇവരും അഖീല്‍ ഖാനും തമ്മിലുള്ള സ്ഥല തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഇക്കാരണങ്ങളാല്‍ പക വീട്ടാന്‍ പെണ്‍കുട്ടിയും അച്ഛനും ചേര്‍ന്ന് മൂന്ന് യുവാക്കള്‍ക്കെതിരെ ആസിഡ് ആക്രമണ പരാതി കെട്ടിച്ചമച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.