
















സ്‌കൂളില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആക്ടിങ് പ്രിന്‍സിപ്പലിനെതിരെ നടപടി. വിദ്യാര്‍ത്ഥിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ശനിയാഴ്ച പി എം ശ്രീ മഹാത്മാഗാന്ധി ഗവണ്‍മെന്റ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മൊബൈല്‍ ഫോണ്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നത്. സ്‌കൂളിലെ ആക്ടിങ് പ്രിന്‍സിപ്പലായ ഷക്കീല്‍ അഹമ്മദ് ഫോണ്‍ കണ്ടുകെട്ടുകയും, അത് അണ്‍ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥിനിയുടെ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, കോള്‍ വിവരങ്ങള്‍, ഗാലറി എന്നിവ പരിശോധിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
താന്‍ ചെയ്ത പ്രവൃത്തി പ്രിന്‍സിപ്പല്‍ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. ഇതിനുപുറമെ, ക്ലാസ്സില്‍ അടുത്തിരിക്കുന്ന ഒരു ആണ്‍കുട്ടിയെക്കുറിച്ച് വിദ്യാര്‍ത്ഥിനിയോട് അഹമ്മദ് ചോദ്യം ചെയ്തതായും ആരോപണമുണ്ട്. സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. ഫോണില്‍ ഏതെങ്കിലും സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കുടുംബം വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കി.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രിന്‍സിപ്പല്‍ തന്റെ പ്രവൃത്തി സമ്മതിച്ചു. സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിനി റീല്‍സുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാന്‍ മാത്രമാണ് ഫോണ്‍ പരിശോധിച്ചതെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.