
















 
                    
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. വനിതാ ലോകകപ്പില്‍ പരാജയം എന്തെന്നറിയാത്ത കരുത്തരായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 338 എന്ന വിജയ ലക്ഷ്യം ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആതിഥേയരായ ഇന്ത്യ മറികടന്നത്. 134 പന്തില്‍ 14 ബൗണ്ടറികളോടെ 127 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
ഐസിസി വനിതാ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ കുതിച്ച രാത്രി ജെമീമ റോഡ്രിഗസിന്റെ റെക്കോര്‍ഡ് സെഞ്ച്വറിയുടെ പേരില്‍ മാത്രമല്ല, തുടര്‍ന്നുള്ള വൈകാരിക ആലിംഗനത്തിന്റെയും പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും.നിറഞ്ഞൊഴുകിയ സ്റ്റേഡിയത്തിന് മുന്നില്‍ നേടിയ ചരിത്ര വിജയത്തിനുശേഷം, ജെമീമയ്ക്ക് കണ്ണുനീര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, അവള്‍ പൊട്ടിക്കരഞ്ഞു. വിജയത്തിന് ശേഷം സ്വന്തം മാതാപിതാക്കള്‍ ഇരിക്കുന്നിടത്തേക്ക് നോക്കി നിറകണണ്ണുകളോടെ, നന്ദിയോടെ അവള്‍ മുട്ടുകുത്തി.
പ്‌ളെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഉടന്‍ തന്നെ ജെമീമ കുടുംബത്തോട് സംസാരിച്ചു. വിജയത്തിന്റെ ആനന്ദത്തില്‍ പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പരിശീലകനായ ഇവാന്‍ റോഡ്രിഗസും മറ്റ് കുടുംബാംഗങ്ങളുംജെമീമയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാര പ്രഖ്യാപന പ്രസംഗത്തിനിടെ, ഉത്കണ്ഠ കാരണം താന്‍ എല്ലാ ദിവസവും കരഞ്ഞിരുന്നുവെന്ന് ജെമീമ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ടീമില്‍ നിന്ന് പുറത്തായതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. തന്റെ പിതാവിനും പരിശീലകനും ദൈവത്തിനും നന്ദി പറയുന്നെന്നും ജെമീമ പറഞ്ഞു.
