
















വനിതാ വിഭാഗമായ 'ജമാഅത്ത്-ഉല്‍-മോമിനാ'ത്തിന്റെ പുതിയ യൂണിറ്റിന് കീഴില്‍ സ്ത്രീകളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള വിശദമായ പദ്ധതി വ്യക്തമാക്കി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. 21 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് മസൂദ് അക്തര്‍ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് തങ്ങളുടെ ആദ്യ വനിതാ വിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ യൂണിറ്റ് എങ്ങനെ സജ്ജമാക്കണമെന്ന് സംബന്ധിച്ച പദ്ധതി മസൂദ് അസ്ഹര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്ത്രീകളെ എങ്ങനെ റിക്രൂട്ട് ചെയ്യുമെന്നും, പരിശീലിപ്പിക്കുമെന്നും, തന്റെ ദീര്‍ഘകാല 'ആഗോള ജിഹാദ്' ദൗത്യത്തിന്റെ ഭാഗമാക്കണമെന്നുമാണ് അസ്ഹര്‍ ശബ്ദ സന്ദേശത്തില്‍ വിശദീകരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുരുഷന്മാര്‍ക്കായി ജെയ്ഷെ മുഹമ്മദ് ആവിഷ്‌കരിച്ചിരിക്കുന്ന ദീര്‍ഘകാല പരിശീലന പരിപാടിയുടെ ഘടനയെ പ്രതിഫലിപ്പിക്കുന്നതാണ് സ്ത്രീകള്‍ക്കായി മസൂദ് അസ്ഹര്‍ വിഭാവനം ചെയ്തിരിക്കുന്ന പുതിയ പദ്ധതിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുരുഷന്മാര്‍ 15 ദിവസത്തെ 'ദൗറ-ഇ-തര്‍ബിയത്ത്' കോഴ്സിന്റേത് പോലെ ഒരു ഇന്‍ഡക്ഷന്‍ കോഴ്‌സില്‍ 'ജമാഅത്ത്-ഉല്‍-മൊമിനാത്തില്‍' ചേരുന്ന സ്ത്രീകളും പങ്കെടുക്കണമെന്നാണ് മസൂദ് അസ്ഹര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബഹാവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍ ഒ അലിയില്‍ നടത്തുന്ന 'ദൗറ-ഇ-തസ്‌കിയ' എന്ന ഇന്‍ഡക്ഷന്‍ കോഴ്സില്‍ സ്ത്രീകള്‍ പങ്കെടുത്തണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ജെയ്ഷെ മുഹമ്മദിന്റെ പുരുഷ റിക്രൂട്ട്മെന്റുകള്‍ക്കുള്ള പ്രാഥമിക പ്രബോധന ഘട്ടമായി 'ദൗറ-ഇ-തര്‍ബിയത്ത്' എന്ന ഇന്‍ഡക്ഷന്‍ കോഴ്‌സ് നടത്തി വരുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ ജിഹാദ് സ്വര്‍ഗം ഉറപ്പാക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണ് ഈ പരിശീലന പരിപാടിയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സ്ത്രീകള്‍ക്കും ഇതേ പ്രത്യയശാസ്ത്ര പരിശീലനം നല്‍കാനാണ് അസ്ഹര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ജമാഅത്ത്-ഉല്‍-മൊമിനാ'ത്തില്‍ ചേരുന്ന ഏതൊരു സ്ത്രീയും 'മരണശേഷം അവളുടെ ശവക്കുഴിയില്‍ നിന്ന് നേരിട്ട് സ്വര്‍ഗത്തിലേക്ക് പോകു'മെന്നാണ് ശബ്ദ സന്ദേശത്തില്‍ മസൂദ് അസ്ഹര്‍ വ്യക്തമാക്കുന്നത്. ആദ്യ കോഴ്സ് പൂര്‍ത്തിയാക്കുന്ന സ്ത്രീകള്‍ രണ്ടാം ഘട്ടമായ 'ദൗറ-ആയത്ത്-ഉല്‍-നിസ'യുടെ ഭാഗമാകും. 'സ്ത്രീകള്‍ക്ക് ജിഹാദ്' നടത്താന്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എങ്ങനെ നിര്‍ദ്ദേശിക്കുന്നു എന്നാണ് ഇത് പഠിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
'ജെയ്ഷെയുടെ ശത്രുക്കള്‍ ഹിന്ദു സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുകയും തങ്ങള്‍ക്കെതിരെ വനിതാ പത്രപ്രവര്‍ത്തകരെ സജ്ജമാക്കുകയും ചെയ്യുന്നു' എന്നാണ് വനിതാ ബ്രിഗേഡ് രൂപീകരണത്തിന്റെ ന്യായീകരണമായി അസ്ഹര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അവര്‍ക്കെതിരെ മത്സരിക്കാനും പോരാടാനും തങ്ങളുടെ സ്ത്രീകളെ അണിനിരത്തുകയാണെന്നാണ് അസ്ഹര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജെയ്ഷെയുടെ പുരുഷ മുജാഹിദുകള്‍ ഈ പുതിയ വനിതാ യൂണിറ്റിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അസ്ഹര്‍ വ്യക്തമാക്കി. വനിതാ ബ്രിഗേഡ് 'ലോകമെമ്പാടും ഇസ്ലാം പ്രചരിപ്പിക്കും. പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാഅത്ത്-ഉല്‍-മോമിനാത്ത് ശാഖകള്‍ തുറക്കും. പ്രാദേശികമായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് ഉത്തരവാദിത്തമുള്ള ഒരു ജില്ലാ മുന്‍താസിമയുടെ നേതൃത്വത്തില്‍ ഓരോന്നിനും ശാഖകള്‍ തുറക്കു'മെന്നുമാണ് അസ്ഹര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിഗേഡില്‍ ചേരുന്ന സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരോ അടുത്ത കുടുംബാംഗങ്ങളോ ഒഴികെ ഫോണിലൂടെയോ മെസഞ്ചര്‍ വഴിയോ അന്യ പുരുഷന്മാരുമായി സംസാരിക്കരുതെന്ന കടുത്ത നിയന്ത്രണവും അസ്ഹര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കും വനിതാ വിഭാഗത്തിന് നേതൃത്വം നല്‍കുക. നേരത്തെ മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ സൈന്യം ജെയ്ഷെ മുഹമ്മദിന്റെ മുന്‍ താവളമായ മര്‍കസ് സുബ്ഹാനള്ളയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ അവരുടെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍ കൊല്ലപ്പെട്ടിരുന്നു. അസ്ഹറിന്റെ മറ്റൊരു സഹോദരി സമൈറ അസ്ഹറും പുല്‍വാമ ആക്രമണകാരി ഉമര്‍ ഫാറൂഖിന്റെ വിധവയായ അഫീറ ഫാറൂഖും നേതൃത്വത്തിന്റെ ഭാഗമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ദിവസേന ഓണ്‍ലൈന്‍ സെഷനുകള്‍ നടത്തുക എന്നതാണ് അവരുടെ ചുമതലയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പുരുഷന്മാരുടെ ബന്ധുക്കളായ നാലോ അഞ്ചോ സ്ത്രീകള്‍ 'ജമാഅത്ത്-ഉല്‍-മോമിനാ'ത്തില്‍ ഉള്‍പ്പെടുന്നുവെന്നും അസ്ഹര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതുതായി ചേരുന്നവര്‍ക്ക് 'ഷോബ-ഇ-ദഅവത്ത്' എന്ന കാമ്പെയ്ന്റെ ഭാഗമായി അവര്‍ പ്രചോദനം നല്‍കും. പ്രബോധനത്തിന്റെ ഭാഗമായി വനിതാ കേര്‍ഡര്‍മാര്‍ തന്റെ 'ഏ മുസല്‍മാന്‍ ബെഹ്ന' (ഓ മുസ്ലീം സഹോദരി) എന്ന പുസ്തകം വായിക്കണമെന്നും മസൂദ് അസ്ഹര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തന്റെ സഹോദരിയോടൊപ്പം ഒരു വനിതാ ബ്രിഗേഡ് എന്ന ആശയം സങ്കല്‍പ്പിച്ചിരുന്നതായും ശബ്ദ സന്ദേശത്തില്‍ വികാരഭരിതനായി അസ്ഹര്‍ വെളിപ്പെടുത്തുന്നുണ്ട്.