CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 37 Seconds Ago
Breaking Now

സ്‌കൂളിലെ നോട്ടീസ് ബോര്‍ഡില്‍ നിന്ന് പിന്‍ എടുത്ത് വിഴുങ്ങിയ ഏഴാം ക്ലാസുകാരന്‍ മരിച്ചു ; അധ്യാപകരുടെ വീഴ്ച ആരോപിച്ച് പരാതി നല്‍കി കുട്ടിയുടെ കുടുംബം

ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നും പിന്‍ നീക്കം ചെയ്തു. എന്നാല്‍ കുട്ടി കോമയിലേക്ക് പോയി.

സ്‌കൂളിലെ നോട്ടീസ് ബോര്‍ഡില്‍ നിന്ന് പിന്‍ എടുത്ത് വിഴുങ്ങിയ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ദരിങ്ബാദിയിലാണ് സംഭവം. ഫുല്‍ബാനിയിലെ ആദര്‍ശ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി തുഷാര്‍ മിശ്രയാണ് മരിച്ചത്. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി

ഒക്ടോബര്‍ 15 നാണ് സംഭവം നടന്നത്. അബദ്ധത്തിലാണ് കുട്ടി പിന്‍ വിഴുങ്ങിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് കുട്ടിയും സഹപാഠികളും അധ്യാപകരായ സീമയോടും ഫിറോസിനോടും കാര്യം പറഞ്ഞെങ്കിലും ഇവരിത് കാര്യമാക്കി എടുത്തില്ല. കുട്ടികള്‍ നുണ പറയുകയാണെന്ന് പറഞ്ഞ് ഇവരെ മടക്കി അടയച്ചു. ഇതിന് പുറമെ പിന്‍ വിഴുങ്ങിയ കുട്ടിക്ക് ഭക്ഷണവും വെള്ളവും അധ്യാപകര്‍ നല്‍കുകയും ചെയ്തു.

ഇതോടെ പിന്‍ കൂടുതല്‍ ആഴത്തിലേക്ക് പോയി. അമ്മയുടെ സഹോദരന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. വൈകിട്ട് വീട്ടിലെത്തിയ കുട്ടി വയറുവേദന സഹിക്കാനാകാതെ വന്നതോടെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇതിനോടകം വീട്ടുകാരോട് താന്‍ പിന്‍ വിഴുങ്ങിയ കാര്യം കുട്ടി പറഞ്ഞിരുന്നു. എക്സ്‌റേ പരിശോധനയില്‍ ശ്വാസകോശത്തില്‍ പിന്‍ കുത്തി നില്‍ക്കുന്നതായി കണ്ടെത്തി. കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വറിലെ ക്യാപിറ്റല്‍ ആശുപത്രിയിലേക്കും പിന്നീട് കട്ടക്കിലെ ശിശു ഭവനിലേക്കും കൊണ്ടുപോയി.

ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നും പിന്‍ നീക്കം ചെയ്തു. എന്നാല്‍ കുട്ടി കോമയിലേക്ക് പോയി. ചികിത്സയില്‍ തുടരുന്നതിനിടെ ഒക്ടോബര്‍ 26 ന് കുട്ടി മരിച്ചു. തൊട്ടടുത്ത ദിവസം സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ അച്ഛന്‍ പൊലീസിന് പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അധ്യാപകര്‍ കുട്ടി പിന്‍ വിഴുങ്ങിയ കാര്യം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പക്ഷെ ഇതുവരെ കേസെടുത്തിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.