CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 52 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള 2021 അംഗ അസോസിയേഷനുകളുടെ അഭ്യര്‍ത്ഥന മാനിച്ച് രജിസ്‌ട്രേഷന്‍ നവംബര്‍ 28 വരെ നീട്ടി ;വീഡിയോ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 12 ഞായറാഴ്ച

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറില്‍ ഡിസംബറില്‍  രണഭേരി ഉയരുമ്പോള്‍ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യര്‍ത്ഥന പ്രകാരം രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിന്‍ പ്രകാരം യുക്മ ദേശീയ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ നവംബര്‍ 28 ഞായറാഴ്ച രാത്രി 12 മണി വരെ സമയം അനുവദിച്ചു. മുന്‍പ് പ്രഖ്യാപിച്ചിരുന്നതു പ്രകാരം കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു, ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. വീഡിയോ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി ഡിസംബര്‍ 5 ഞായറാഴ്ചയില്‍ നിന്നും ഡിസംബര്‍ 12 ഞായറാഴ്ച രാത്രി 12 മണി വരെയും നീട്ടിക്കൊടുത്തിട്ടുണ്ട്. 

2021 യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ മത്സരാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുവാന്‍ ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ 2021 കലാമേളയും സംഘടിപ്പിച്ചിരിക്കുന്നത്.  

യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ  നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെര്‍ച്വല്‍)  പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്,  നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ' നെടുമുടി വേണു നഗര്‍' എന്ന് നാമകരണം ചെയ്തത്.  

മലയാളനാടിന്റെ മഹത്വമുയര്‍ത്തി ശ്രേഷ്ഠ മലയാളത്തിന്റെ തനിമയും നിറവും മണവും ഒട്ടുമേ ചോരാതെ, പ്രവാസി ലോകത്തിലെ പതാകവാഹകരായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട യുക്മയുടെ ജൈത്രയാത്രയില്‍ പൊന്‍തൂവലുകളാവുന്ന യുക്മ കലാമേളകള്‍ കലാസ്വാദകര്‍ക്ക് പകര്‍ന്ന് നല്‍കുന്ന മാധുര്യമേറെയാണ്. 

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ എല്ലാ സാധ്യതകളും നാം വിജയകരമായി ഉപയോഗപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ കലാമേളയെക്കാളും മനോഹരമാകും. നിനച്ചിരിക്കാത്ത നേരം സമയംതെറ്റി എത്തിയ അശനിപാതം കണക്കെ നമ്മുടെ ജീവനെയും ജീവിതങ്ങളെയും കടന്നാക്രമിച്ച കൊറോണ വൈറസിനെ അതിജീവിച്ച് നാം വിജയം കൈവരിച്ച പതിനൊന്നാമത് കലാമേള ഏറെ ശ്രദ്ധേയമായിരുന്നു.

വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, ഓണ്‍ലൈന്‍ കലാമേളയുടേതായ  പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ കലാമേളയ്ക്കും എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല എന്നത് പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അംഗ അസ്സോസിയേഷനുകളിലെ മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും, വീടുകളില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള അസൗകര്യം മൂലവും ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉപകരണ സംഗീത മത്സരങ്ങള്‍ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന JMP സോഫ്റ്റ്‌വെയര്‍ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ മുന്‍ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk 

നഴ്‌സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാ മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

ഈ വര്‍ഷം മത്സരാര്‍ത്ഥികള്‍ക്ക് കലാമേളയില്‍ പങ്കെടുക്കുവാന്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം

 ഒരുക്കിയിരിക്കുനതിനാല്‍, ഏതെങ്കിലും മത്സരാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനുമായോ മറ്റ്  എന്തെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ കലാമേളയുടെ ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയെ (07828424575), കലാമേളയുടെ രജിസ്‌ട്രേഷന്റെ ചുമത വഹിക്കുന്ന  ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍  (07946565837) എന്നിവരെയോ ദേശീയ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്

പന്ത്രണ്ടാമത്  യുക്മ ദേശീയകലാമേളയില്‍ മത്സരാര്‍ത്ഥികള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

https://www.uukmakalamela.co.uk/register.aspx

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.