തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നാവശ്യപ്പെട്ട് തന്റെ കമ്പനിയിലെ ജീവനക്കാരിയെ സമീപിച്ചെന്ന് ഇലോണ്‍ മാസ്‌കിനെതിരെ റിപ്പോര്‍ട്ട്. ഒരു ഇന്റേണ്‍ ഉള്‍പ്പടെ കമ്പനിയിലെ രണ്ട് ജീവനക്കാരികളുമായി ഇലോണ്‍ മസ്‌ക് ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടിരുന്നുവെന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാന്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലാണ് പുതിയ ആരോപണം.
സ്ത്രീകളുമായി ബന്ധപ്പെട്ട് വിവിധ വിവാദങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ഇലോണ്‍ മസ്‌ക്ക്. തന്റെ കമ്പനികളിലെ വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അതില്‍ ഉള്‍പ്പെടുന്നു. വനിതാ ജീവനക്കാരെ അസ്വസ്ഥരാക്കുന്ന ഒരു സംസ്‌കാരമാണ് സ്‌പേസ് എക്‌സിലും ടെസ്‌ലയിലും ഉള്‍പ്പടെ മസ്‌ക് നിര്‍മിച്ചെടുത്തിട്ടുള്ളതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌ക് തങ്ങളെ അസാധാരണമായ രീതിയില്‍ ശ്രദ്ധിച്ചിരുന്നുവെന്നും പിന്തുടര്‍ന്നിരുന്നുവെന്നും ടെസ്ലയിലെ രണ്ട് ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പകരം ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്‌ക് വാഗ്ദാനം ചെയ്തതായി അദ്ദേഹത്തിന്റെ വിമാനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയത് മുമ്പ് വലിയ വിവാദമായതാണ്. അതേപോലെ തന്റെ കുട്ടികളെ പ്രസവിക്കാന്‍ മസ്‌ക് തന്നോട് പലതവണ ആവശ്യപ്പെട്ടതായി 2013ല്‍ സ്‌പേസ് എക്‌സില്‍നിന്ന് രാജിവെച്ച മറ്റൊരു വനിതയും പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
11 മക്കളുള്ള മസ്‌ക് ലോക ജനസംഖ്യ ഉയര്‍ത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നയാളാണ്.