എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലെത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിഎം കുഞ്ഞുമൊയ്തീന്‍ അദ്ദേഹത്തിന്റെ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായ് ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഡയറിയിലെ വരികള്‍ വികസിപ്പിച്ച് സിനിമയാക്കുകയാണ് കുഞ്ഞിമൊയ്തീന്റെ മകന്‍ എംഎ നിഷാദ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ് ഈ ചിത്രത്തിലൂടെ.
ഷൈന്‍ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ് എന്നിവരോടൊപ്പം 70 ഓളം താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രം സംവിധായകന്‍ നിഷാദ് തന്നെയാണ് അവതരിപ്പിക്കുന്നത്.